കൊച്ചി: ക്ഷേമ പെൻഷനുകൾ അവകാശമല്ലെന്നും അവ എപ്പോൾ നൽകണമെന്നത് നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സർക്കാർ ഹൈകോടതിയിൽ. നിയമപരമായി നിർബന്ധമാക്കിയവയുടെ ഗണത്തിൽ വരുന്നതല്ല ക്ഷേമ പെൻഷൻ. ഇത് സർക്കാർ നൽകുന്ന സഹായം മാത്രമാണ്. കേന്ദ്ര സർക്കാറിന്റെ വിഹിതംകൂടി കൂട്ടിയാണ് ദേശീയ സാമൂഹിക സുരക്ഷ പദ്ധതിക്ക് കീഴിൽ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്നത്. എന്നാൽ, കേന്ദ്രവിഹിതം തുച്ഛമാണ്. ഈ വിഹിതം വാങ്ങിയെടുക്കാൻ ശ്രമിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
നിരന്തരം രേഖാമൂലം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് 2023 ജൂൺ വരെ കുടിശ്ശികയായ വിഹിതം 602.14 കോടി രൂപ കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാനത്തിന് കൈമാറിയതെന്നും സംസ്ഥാന ധനകാര്യ അണ്ടർ സെക്രട്ടറി ജോസ് വി. പേട്ട നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ചക്കിട്ടപാറ വളയത്ത് ജോസഫ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലടക്കം നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സർക്കാറിന്റെ വിശദീകരണം.
50 ലക്ഷത്തിലധികം പേർക്ക് പെൻഷൻ നൽകിവരുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. പണം ലഭിക്കുന്ന മുറക്ക് പെൻഷൻ വിതരണം ചെയ്യും. മാസം 900 കോടി പെൻഷന് കണ്ടെത്തണം. 48.17 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് പെൻഷൻ നൽകിവരുന്നത്. കേന്ദ്രം അനുവദിക്കുന്നത് ഏഴുലക്ഷം ബി.പി.എൽ ഗുണഭോക്താക്കൾക്കുള്ള വിഹിതം മാത്രമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ഹരജി ജൂൺ പത്തിന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.