തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും കുടിശ്ശികയും കനത്ത സാഹചര്യത്തിൽ ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കില്ല. ഘട്ടംഘട്ടമായി പെൻഷൻ 2500 രൂപയാക്കുമെന്ന എൽ.ഡി.എഫ് പ്രഖ്യാപനം കണക്കിലെടുത്ത് ഇക്കുറി ബജറ്റിൽ 100 രൂപയുടെ വർധനവ് പ്രതീക്ഷിച്ചിരുന്നു. അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. 900 കോടിയാണ് ഒരുമാസത്തെ പെൻഷൻ നൽകാൻ വേണ്ടത്. 4500 കോടിയാണ് കുടിശ്ശിക തീർക്കാൻ മാത്രം വേണ്ടത്. ഈ സാഹചര്യത്തിൽ പെൻഷൻ വർധന അധികഭാരമാകുമെന്നാണ് വിലയിരുത്തൽ. പെൻഷന് പണം കണ്ടെത്താൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് കാര്യമായി ഗുണം ചെയ്തിട്ടില്ല. 2023 ഏപ്രിൽ ഒന്നുമുതൽ നവംബർ 30 വരെ പെട്രോൾ, ഡീസൽ സെസ് ഇനത്തിൽ 600.78 കോടിയാണ് ലഭിച്ചത്. എട്ട് മാസത്തെ സെസ് പിരിച്ചിട്ടും ഒരു മാസത്തെ സാമൂഹികസുരക്ഷ പെൻഷന് പോലും തികയുന്നില്ലെന്ന് ധനവകുപ്പ് സമ്മതിക്കുന്നു. ഇന്ധനസെസ് കൂടി ആയതോടെ വലിയ ചരക്കുവാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇന്ധനം നിറക്കുന്നതിലേക്ക് കാര്യങ്ങൾ മാറി. ഡീസൽ വിൽപന കുറഞ്ഞതോടെ സെസ് മാത്രമല്ല, സംസ്ഥാനത്ത് ലഭിച്ചിരുന്ന നികുതിയും കുറയുന്ന സ്ഥിതിയാണ്.
വാർധക്യകാല പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിങ്ങനെ വിവിധ ക്ഷേമ പെൻഷനുകൾ ഒന്നിച്ചാണ് സർക്കാർ വിതരണം ചെയ്യുന്നത്. 1600 രൂപ വെച്ച് 8000 രൂപയാണ് ഓരോ ഗുണഭോക്താവിനും സർക്കാർ നൽകാനുള്ളത്. ഏറ്റവുമൊടുവിൽ ആഗസ്റ്റിലെ പെൻഷനാണ് നൽകിയത്. കേന്ദ്രം തുച്ഛമായ തുകയാണ് പെൻഷനായി അനുവദിക്കുന്നതെങ്കിലും എല്ലാ വിഭാഗങ്ങൾക്കും 1600 രൂപ തികച്ചാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്.
ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ രൂപവത്കരിച്ച പെൻഷൻ കമ്പനിക്ക് 11,373.29 കോടി രൂപയുടെ കടമുണ്ട്. 6.85 ശതമാനം മുതൽ 10 ശതമാനം വരെ പലിശക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും സഹകരണ കൺസോർട്യത്തിൽനിന്നും വായ്പയായി എടുത്ത തുകയാണ് തിരിച്ചടയ്ക്കാനുള്ളത്. കെ.എസ്.എഫ്.ഇ, കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (കെ.എസ്.ബി.സി), കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, സഹകരണ കൺസോർട്യം, കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) എന്നിവിടങ്ങളിൽനിന്നാണ് പെൻഷൻ കമ്പനി വായ്പയെടുത്തത്. ഇതിനിടെ സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഈ സാമ്പത്തിക വർഷം ഉയർത്തി. അവശ കായികതാര പെൻഷൻ, വിശ്വകർമ പെൻഷൻ, സർക്കസ് കലാകാര പെൻഷൻ, അവശ കലാകാര പെൻഷൻ എന്നിവയാണ് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.