തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷേമ പെൻഷൻ കുടിശിക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് പെൻഷൻ വർധിപ്പിക്കുന്ന വിവരം അറിയിച്ചത്.
കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കും. ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിച്ചത് കേന്ദ്ര സർക്കാരാണ്. യു.ഡി.എഫിന് ആത്മാർഥതയുണ്ടെങ്കിൽ കേന്ദ്ര സർക്കാറിനെതിരെ സമരം ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
ക്ഷേമ പെൻഷൻ കിട്ടാത്തത് കൊണ്ടാണ് ചട്ടിക്കപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. നവംബറിലും ഡിസംബറിലും ജോസഫ് ക്ഷേമ പെൻഷൻ വാങ്ങിയിട്ടുണ്ട്. ജോസഫ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, ക്ഷേമപെൻഷൻ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസമായി ക്ഷേമ പെൻഷൻ വിതരണം മുടങ്ങി കിടക്കുകയാണ്. ജനങ്ങൾ ദുരിതത്തിലാണ്.
ഇത് മൂലം കോഴിക്കോട് ചട്ടിക്കപ്പാറയിൽ ജോസഫ് എന്ന ആൾ ആത്മഹത്യ ചെയ്തു. കത്തിന് പുറമെ മരുന്നിന്‍റെ കവറിന് പുറത്തും ജോസഫ് ആത്മഹത്യ കുറിപ്പെഴുതി. സർക്കാറിന്‍റെ കെടുകാര്യസ്ഥതയാണ് ആത്മഹത്യയിലേക്ക് വഴിവെച്ചത്. ക്ഷേമപെൻഷൻ കൃത്യമായി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുന്നില്ലെന്നും വിഷ്ണുനാഥ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.