ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനത്തിന് സഞ്ജയ് സമിതി റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് രാജ്യസഭയെ അറിയിച്ചു. പശ്ചിമഘട്ടത്തിലെ മണ്ണിടിച്ചിലിന് ഭൂമിയുടെ ഉപയോഗവും ഖനനവും കാരണമാണെന്നും ഇത് തടയാൻ മരംമുറി തടഞ്ഞ് വനവത്കരണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ഘട്ടം മണ്ണിടിച്ചിൽ ഭീഷണിയിലാണെന്ന് റിമോട്ട് സെൻസിങ് ഡേറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ മുംബൈ ഐ.ഐ.ടി കണ്ടെത്തിയിട്ടും അതിന്റെ സംരക്ഷണത്തിനുള്ള കേന്ദ്ര വിജ്ഞാപനം വൈകുന്നതിനെക്കുറിച്ച് മഹാരാഷ്ട്രയിൽനിന്നുള്ള എൻ.സി.പി എം.പി വന്ദന ചവാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പശ്ചിമഘട്ടത്തിൽ നിരന്തരം മണ്ണിടിച്ചിലുണ്ടാവുകയാണെന്നും മഹാരാഷ്ട്രയിലും കേരളത്തിലും ഇത്തരം സംഭവങ്ങളുണ്ടായെന്നും ഗ്രാമങ്ങൾ പൂർണമായും മണ്ണിനടിയിലായിപ്പോയിട്ടുണ്ടെന്നും വന്ദന ചവാൻ ചൂണ്ടിക്കാട്ടി. ഗാഡ്ഗിൽ, കസ്തൂരി രംഗൻ സമിതികളുടെ ശിപാർശകൾ സമർപ്പിച്ച ശേഷം വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതായിരുന്നുവെന്ന് മന്ത്രി മറുപടി നൽകി. ഈ വിജ്ഞാപനത്തിനുകീഴിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളുമായി വിജ്ഞാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ചർച്ച നടത്തിയിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ എം.പിമാർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിട്ട. ഐ.എഫ്.എസ് ഓഫിസറും പരിസ്ഥിതി മന്ത്രാലയത്തിലെ മുൻ ഡയറക്ടർ ജനറലുമായ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ സമിതിയുണ്ടാക്കിയത്.
ആദ്യം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനുശേഷം ഗ്രാമങ്ങളിലുള്ള വിഷയങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാനാണ് ഈ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പശ്ചിമഘട്ടം രാജ്യത്തിന് പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണെന്നും മന്ത്രി ഭൂപേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.