പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി പ്രവർത്തകരുടെ യോഗം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യുന്നു

തുരങ്കപാത വേണ്ട; പശ്ചിമഘട്ട സംരക്ഷണ സമിതി പ്രചാരണ ജാഥ നടത്തും

കൽപറ്റ: പരിസ്ഥിതി വിഷയങ്ങൾ ഉയർത്തി പശ്ചിമഘട്ട സംരക്ഷണ സമിതി പ്രചാരണ ജാഥ സംഘടിപ്പിക്കുന്നു. നിർദിഷ്ട തുരങ്കപാതാ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജാഥ, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ സംസ്കരിച്ച പുത്തുമലയിലെ സമൃതികുടീരത്തിൽനിന്നാണ് ആരംഭിക്കുക.

മേപ്പാടി പഞ്ചായത്തിലെ ദുരിത ബാധിതപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജാഥ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ബാണാസുര മലയടിവാരത്തെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തും. പശ്ചിമഘട്ട പ്രദേശങ്ങളിൽ ജീവിക്കുന്ന തദ്ദേശീയ ജനതയുൾപ്പെടെയുള്ള സാധാരണ മനുഷ്യരുമായുള്ള പാരിസ്ഥിതിക സംവാദമാണ് ജാഥയുടെ ലക്ഷ്യം. പ്രമുഖ പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കും. ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പശ്ചിമഘട്ട പ്രദേശങ്ങളിൽ കഴിയുന്ന സാധാരണ ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുക, മുണ്ടക്കൈയിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സുരക്ഷിത വാസസ്ഥലവും കൃഷിഭൂമിയും നൽകുക, ക്വാറികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക, മലഞ്ചെരുവുകളിൾ റിസോർട്ടുകളുടെ പ്രവർത്തനം നിരോധിക്കുക, വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, അപകട മേഖലകളിലെ റിസോർട്ടുകൾക്ക് നിയന്ത്രണം കൊണ്ടുവരിക, വൻകിട തോട്ടമുടമകൾ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുക, ഭൂപതിവ് ഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കുക, പടിഞ്ഞാറത്തറ-പൂഴിത്തോട് പാതാ പദ്ധതിയിൽനിന്ന് സർക്കാർ പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങളും ജാഥയിൽ ഉന്നയിക്കും.

പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്‍റ് വർഗീസ് വട്ടേക്കാട് അധ്യക്ഷത വഹിച്ചു. പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ഡോ. ആശ പ്രഭാകർ, എം.കെ. രാമദാസ്, സണ്ണി ജോസഫ്, രാജു ചേകാടി, കെ.വി. പ്രകാശൻ, അബു പൂക്കോട്, ഷൈജൽ, പി.ജി. മോഹൻദാസ്, ബഷീർ ആനന്ദ് ജോൺ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Western Ghats Protection Committee to conduct march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.