തൃശൂർ: സർക്കാർ ഓഫിസുകൾ പൂർണമായി കമ്പ്യൂട്ടർവത്കരിച്ച് ‘ഇ ഓഫിസ്’ സംവിധാനത്തിലെത്തിയിട്ടും ‘ടൈപിസ്റ്റ്-സ്റ്റെനോഗ്രഫർമാരുടെ തസ്തിക തുടരുന്നു. 2008 മുതൽ ടൈപ്റൈറ്ററുകൾ സർക്കാർ ഓഫിസുകളിൽനിന്ന് പോയിട്ടും ജീവനക്കാർ കമ്പ്യൂട്ടറുകളിലേക്ക് കൂടുമാറിയിട്ടും തസ്തികയുടെ പേര് പുനർനാമകരണം ചെയ്തിട്ടില്ല. മാത്രമല്ല, ഇ ഓഫിസ് സംവിധാനത്തിൽ ടൈപിങ് ജോലികൾ എല്ലാ ജീവനക്കാരും ഏറ്റെടുത്തതോടെ ടൈപിസ്റ്റുകൾ എന്തുചെയ്യുന്നുവെന്നറിയാൻ ഓഫിസുകളിലേക്ക് ചോദ്യാവലി അയച്ച് മറുപടി കാത്തിരിക്കുകയാണ് സർക്കാർ.
ടൈപിസ്റ്റ് തസ്തികയുടെ എണ്ണം, ജോലിഭാരം, സ്വഭാവം, പുനഃക്രമീകരണ സാധ്യത എന്നിവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി പഠനവും വിവരശേഖരണവും നടത്താൻ ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിനോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് ചോദ്യാവലികൾ സർക്കാർ വിവിധ വകുപ്പുകൾക്ക് അയച്ചുകൊടുക്കുകയും ഒരാഴ്ചക്കകം മറുപടി അയക്കാൻ നിർദേശിക്കുകയും ചെയ്തു.
മറ്റുപല ജോലികളിലും നിയോഗിക്കപ്പെടുന്ന ടൈപിസ്റ്റുകളുടെ അവസ്ഥയറിഞ്ഞ് ജോലി മാനദണ്ഡം പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ടൈപിസ്റ്റ്സ് ആൻഡ് സ്റ്റെനോഗ്രഫേഴ്സ് അസോസിയേഷൻ ഹൈകോടതിയിൽ ഫയൽ ചെയ്ത നിയമനടപടിയുടെ ഭാഗമായാണ് വിവരശേഖരണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ടൈപിസ്റ്റ് തസ്തികയുടെ പേര് മാറ്റം ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ജീവനക്കാർ ഹരജി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് സെക്രട്ടേറിയറ്റ് ഒഴികെ വിവിധ വകുപ്പുകളിലായി 8000ത്തോളം ടൈപിസ്റ്റുമാരുണ്ട്. നിലവിൽ കമ്പ്യൂട്ടർ പരിജ്ഞാനം യോഗ്യതയുള്ളവരെയാണ് തസ്തികയിൽ എടുക്കുന്നത്. 2019 മുതൽ ഇ ഓഫിസ് ഭാഗികമായി നടപ്പാക്കിത്തുടങ്ങിയതോടെ പല ഓഫിസുകളിലും ടൈപിസ്റ്റുമാർക്ക് പണിയില്ലാതായി. എട്ടുമാസം മുമ്പ് ഹൈകോടതിയിൽ അസോസിയേഷൻ നൽകിയ ഹരജിയെത്തുടർന്ന് ഇപ്പോൾ എത്തിയ വിവരശേഖരണവും ഓഫിസ് അധികാരികളെ കുഴക്കുന്നുണ്ട്.
ഇ ഓഫിസ് വരുന്നതിന് മുമ്പ് ടൈപ് ചെയ്ത ഫയലുകളുടെ എണ്ണം, കമ്പോസ് ചെയ്ത വരികളുടെ എണ്ണം, ഇ ഓഫിസിൽ ടൈപ് ചെയ്യുന്ന ഫയലുകളുടെ എണ്ണം, അവരെ ഏൽപിച്ച അധികജോലി, അത് എത്ര സമയംകൊണ്ട് തീർത്തു... തുടങ്ങി ഒട്ടേറെ വിവരങ്ങളാണ് പൂരിപ്പിച്ച് തിരിച്ചയക്കേണ്ടത്. കോടതി നടപടിയായതിനാൽ ഒരാഴ്ചക്കകം മറുപടി നൽകാനാണ് ആവശ്യം.അതേസമയം, ടൈപിസ്റ്റ് തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അസോസിയേഷൻ ഭാരവാഹികൾ ആശങ്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.