കോടതികളിലെ ‘കോടികള്‍’ എന്താകും ?

തിരുവനന്തപുരം: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കോടികളുടെ കാര്യത്തില്‍ ആശങ്ക. വിവിധ കോടതികളില്‍ കോടിക്കണക്കിന് രൂപയാണ് തൊണ്ടിമുതലായി  സൂക്ഷിച്ചിരി ക്കുന്നത്. വിചാരണ പൂര്‍ത്തായായി കേസ് തീര്‍പ്പാകാതെ ഈ പണം ഉടമസ്ഥര്‍ക്ക് തിരികെ ലഭിക്കില്ല. മിക്ക കേസിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും.

അപ്പോഴേക്കും നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ച കാലാവധി കഴിയുമെന്ന ആശങ്കയിലാണ് ഉടമസ്ഥര്‍. മോഷണക്കേസിലും മറ്റും പൊലീസ് പിടികൂടിയ പണമാണ് കോടതികളില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇവ ഉടമസ്ഥന് ലഭ്യമാകണമെങ്കില്‍ സര്‍ക്കാറിന്‍െറ പ്രത്യേക ഇടപെടല്‍ ഉണ്ടാകേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ചില കേസില്‍ ശാസ്ത്രീയ തെളിവിനും മറ്റുമായി പൊലീസ് പിടിച്ചെടുത്ത പണവും കോടതികളിലുണ്ട്. ഇവയും ഉടമസ്ഥര്‍ക്ക് നഷ്ടമാകുന്ന സാഹചര്യമാണ്.
വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ അധികൃതരും നോട്ട് പിന്‍വലിച്ചതില്‍ ആശങ്കാകുലരാണ്. കൈക്കൂലിക്കാരെ പിടികൂടാന്‍ നടത്തുന്ന ‘ട്രാപ് കേസുകളില്‍’ തൊണ്ടിയായി കോടതിയില്‍ ലക്ഷക്കണക്കിന് രൂപയാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇവ കോടതിയില്‍ സമര്‍പ്പിച്ച് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഉടമസ്ഥന് പണം തിരികെ ലഭിക്കും. അതേസമയം, കോടതിയില്‍ സമര്‍പ്പിച്ച പണം തിരിച്ചെടുത്ത് ട്രഷറിയില്‍ അടച്ചാലേ വിജിലന്‍സ് അധികൃതരുടെ ഡ്യൂട്ടി പൂര്‍ത്തിയാകൂ.

പത്തും പന്ത്രണ്ടും വര്‍ഷം പിന്നിട്ട കേസുകള്‍പോലും ഇപ്പോഴും തീര്‍പ്പാകാതെ വിജിലന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. ഇതൊക്കെ തീര്‍പ്പായി വരുമ്പോഴേക്കും ഉദ്യോഗസ്ഥരില്‍ പലരും വിരമിക്കും.
നടപടിക്രമങ്ങള്‍ വേഗം അവസാനിച്ച് തൊണ്ടിമുതല്‍ തിരികെ കിട്ടിയാലും അതിന് കടലാസിന്‍െറ വില മാത്രമേ ലഭിക്കൂ. ഇത് എങ്ങനെ ട്രഷറിയില്‍ അടക്കുമെന്നാണ് ആശങ്ക.

 

Tags:    
News Summary - what happened to crores in courts ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.