തിരുവനന്തപുരം: നിയമസഭയിൽ ഇടതുപക്ഷ മുന്നണി നടത്തിയത് യു.ഡി.എഫിന്‍റെ അഴിമതിക്കെതിരായ സമരമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. അന്ന് യു.ഡി.എഫ് സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയായിരുന്നു. ആ സർക്കാറിനെതിരായ സമരമാണ് സഭയിൽ നടന്നത്. സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച് എവിടെയും കെ.എം. മാണി എന്ന പേര് തന്നെ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ നടന്ന കാര്യങ്ങളെ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം വാർത്തകളിൽ പ്രതിഫലിക്കും. വാർത്താ നിർമാണ വിദഗ്ധർ കൂടി മാധ്യമപ്രവർത്തകരുടെ കൂട്ടത്തിലുണ്ടെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
കെ.എം മാണി കേരളത്തിൽ ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ്. അദ്ദേഹം അനുഭവ സമ്പത്തുള്ള പൊതുപ്രവർത്തകനായിരുന്നു. ബാർ കോഴ വിഷയവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണങ്ങൾ നടന്നതാണ്. ഉയർന്നു വന്ന വിഷയങ്ങളിൽ കെ. എം മാണിക്ക് വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ് കേരള കോൺഗ്രസ് എം. മുന്നണിയിൽ നല്ല നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. പരസ്പര ബഹുമാനത്തോടു കൂടിയാണ് ഇടതു മുന്നണിയിലെ ഘടക കക്ഷികൾ മുന്നോട്ടു പോകുന്നത്. സ്വാഭാവികമായും ആശയക്കുഴപ്പമുണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫാണ് കേരളത്തിലെ എല്ലാ അഴിമതിയുടേയും അടിത്തറ. യു.ഡി.എഫ് എന്നത് അഴിമതി സർവ വ്യാപിയായി നടപ്പിലാക്കിയ ഒരു സംവിധാനമാണ്. ഭരണം അഴിമതിക്കു വേണ്ടി വിനിയോഗിച്ചവരാണ് യു. ഡി.എഫുകാരെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലേക്ക് വന്നത്. തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണിയുടെ വിജയത്തിനു വേണ്ടി നല്ല നിലയിൽ പ്രവർത്തിച്ചവരാണ് കേരള കോൺഗ്രസ് എം എന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.