ആലുവ: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച രേവത് ബാബു പൂജാരിമാർക്കെതിരായ പരാമർശത്തിൽ പരസ്യമായി മാപ്പുപറഞ്ഞു. കഴിഞ്ഞദിവസം ചടങ്ങ് നടക്കുമ്പോഴാണ് ഹിന്ദിക്കാരുടെ കുട്ടിയുടെ കർമം ചെയ്യാൻ ആരും തയാറല്ലെന്നും പെൺകുട്ടിയുടെ അന്ത്യകർമങ്ങൾക്കായി പൂജാരിമാരെ പലതവണ അന്വേഷിച്ചിട്ടും കിട്ടാത്തതിനാലാണ് താൻ ചെയ്യുന്നതെന്നും രേവത് ബാബു വ്യക്തമാക്കിയത്. പിന്നാലെ, ഇദ്ദേഹത്തിനനുകൂലമായും പ്രതികൂലമായും നിരവധി പേർ രംഗത്തുവന്നിരുന്നു. സംസ്കാരശേഷം അൻവർ സാദത്ത് എം.എൽ.എ കെട്ടിപ്പിടിച്ചാണ് രേവതിനുള്ള കടപ്പാട് അറിയിച്ചത്.
എന്നാൽ, സംഭവം വലിയ വിവാദമായതോടെ സമൂഹമാധ്യമങ്ങളിലും മറ്റും നിരവധി പേർ ഇയാൾക്കെതിരെ രംഗത്തുവന്നു. മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണിതെന്നായിരുന്നു പ്രധാന ആരോപണം. പൂജാരിമാർ ആരാണ് അങ്ങനെ പറഞ്ഞതെന്ന് തെളിയിക്കാനും രേവതിനോട് പലരും ആവശ്യപ്പെട്ടു. ഇതോടെയാണ് നാക്കു പിഴ സംഭവിച്ചതാണെന്നും മാപ്പു ചോദിക്കുന്നതായും വ്യക്തമാക്കി രേവത് ബാബു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. തനിക്ക് തെറ്റുപറ്റിയെന്നും ആരും ശപിക്കരുതെന്നും അഭ്യർഥിച്ചു.
ഇതിനിടെ തെറ്റായ ആരോപണത്തിലൂടെ സമൂഹത്തിൽ മതസ്പർധയുണ്ടാക്കാൻ രേവത് ബാബു ശ്രമിച്ചെന്നും കലാപം ലക്ഷ്യമിട്ടാണ് പ്രസ്താവന നടത്തിയതെന്നും ചൂണ്ടിക്കാട്ടി രേവതിനെതിരെ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ആലുവ സ്വദേശിയായ അഡ്വ.ജിയാസ് ജമാലാണ് ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. രേവതിനെ അഭിനന്ദിച്ച അൻവർ സാദത്ത് എം.എൽ.എയും ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.