തിരുവനന്തപുരം: പെട്ടി പൊട്ടിക്കാൻ നാലുദിവസം മാത്രം ശേഷിക്കെ തലസ്ഥാനത്തിന്റെ ഉള്ളറിയാൻ നെഞ്ചിടിപ്പോടെ മുന്നണികൾ. ത്രികോണപ്പോരിന്റെ സകലഭാവങ്ങളും പ്രകടമായ തിരുവനന്തപുരത്ത് നന്നായി വിയർത്താണ് മുന്നണികൾ അവസാന ലാപ് ഓടിത്തീർത്തത്. അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ നിരത്തിയും സാധ്യതകളും പ്രതീക്ഷകളും ഇഴകീറിയും ഒരു മാസം തള്ളിനീക്കിയ രാഷ്ട്രീയ ക്യാമ്പുകൾ ആകാംക്ഷയുടെ മണിക്കൂറുകളിലേക്ക് ചുവടുമാറിക്കഴിഞ്ഞു. ആര് ജയിക്കുമെന്നത് മാത്രമല്ല, എത്ര ഭൂരിപക്ഷം, ഓരോ നിയോജക മണ്ഡലത്തിലെയും ലീഡ് എന്നിവയടക്കം നിർണായകമാണ്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നേറ്റ് തന്നെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരും ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലസ്ഥാനം വിട്ടിരുന്നു. ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തലസ്ഥാനത്തുണ്ടായിരുന്നു. പ്രചാരണ നാൾവഴികളിലെ മികവുകൾ ചൂണ്ടിക്കാട്ടി മൂവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഭരണവിരുദ്ധവികാരവും മണിപ്പൂരടക്കം വിഷയങ്ങളും ലത്തീൻ അതിരൂപതയുടെ നിലപാടും സാമുദായിക സമവാക്യങ്ങളിലെ മാറ്റങ്ങളും വോട്ടൊഴുക്കിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായെന്നതിൽ മുന്നണികൾക്കൊന്നും സംശയമില്ല. അതേസമയം, വോട്ടിങ് ശതമാനത്തിലെ കുറവ് ആരെ തുണക്കുമെന്നതിൽ അഭിപ്രായം വ്യത്യസ്തം. 2019 ലെ 73.45 വോട്ടിങ് ശതമാനം ഇക്കുറി 66.47 ശതമാനമായി. 6.99 ശതമാനം വോട്ടിടിവ് ആരെ മുറിവേൽപ്പിക്കുമെന്നത് കണ്ടറിയണം. പോളിങ് കുറവ് പരിക്കേൽപ്പിക്കില്ലെന്ന ആത്മവിശ്വാസത്തിലും പ്രചാരണം ലക്ഷ്യം കണ്ടെന്ന വിലയിരുത്തലിലുമാണ് യു.ഡി.എഫ് ക്യാമ്പ്. ന്യൂനപക്ഷ പരമ്പരാഗത വോട്ട് നിലനിർത്തിയതിനൊപ്പം വികസന വിഷയങ്ങളിൽ പൊതുവോട്ടുകളിൽ ഒരു വിഹിതം സ്വന്തമാക്കാനായി എന്നതാണ് ബി.ജെ.പി വിലയിരുത്തൽ. തുടക്കം മുതൽ ഒടുക്കംവരെ സംഘടന സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളിലടക്കം വലിയ മുന്നേറ്റം നടത്താനായി എന്ന ആത്മധൈര്യത്തിലാണ് ഇടതു ക്യാമ്പ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആർ.എസ്.എസ് പ്രപ്പോസലുകൾ ഒഴിവാക്കി സ്വന്തം സംവിധാനങ്ങളിലൂടെ വികസന വിഷയങ്ങളിലൂന്നിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ കാമ്പയിൻ. ഇത് ആർ.എസ്.എസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്. ഇത് എങ്ങനെ പ്രതിഫലിക്കുമെന്നത് കണ്ടറിയണം. മറുഭാഗത്താകട്ടെ, 2019 നെ അപേക്ഷിച്ച് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങൾ നിരവധിയായിരുന്നു. മൂന്നുവട്ടം ജനപ്രതിനിധിയാണെന്നതിനാലുള്ള പൊതുവിലയിരുത്തലുകളിൽ തരൂരിനെതിരെ നാലുഭാഗത്തുനിന്നും ചോദ്യങ്ങളുമുയർന്നിരുന്നു.
2019ലേത് പോലെ തന്നെ അടിയുറച്ച രാഷ്ട്രീയ വോട്ടുകൾക്ക് പുറമേയുള്ള നായർ വോട്ടുകൾ യു.ഡി.എഫിനും ബി. ജെ.പിക്കുമിടയിൽ വീതിക്കപ്പെട്ടെന്നാണ് വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ലത്തീൻ അതിരൂപത രംഗത്ത് വന്നത് തരൂരിന് ഗുണം ചെയ്തിട്ടുണ്ട്. കേന്ദ്രഭരണത്തെ നിർണയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഇക്കാര്യത്തിലൂന്നിയാകും മുസ്ലിം വോട്ടിന്റെ കേന്ദ്രീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.