തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് ജൂൺ ഒന്നിനാണ് ആരംഭിക്കുന്നത്. ഒരു മാസം മാത്രം മുന്നിലുള്ളപ്പോൾ ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാകും. ഐ.പി.എല്ലിലെ പ്രകടനവും പരിചയ സമ്പത്തും മുൻനിർത്തി ടീമിനെ പ്രഖ്യാപിക്കുമ്പോൾ അതിൽ ഇടം നേടാൻ സാധ്യതയുള്ള താരങ്ങളെ കുറിച്ച് ഏകദേശ രൂപം ക്രിക്കറ്റ് വിദഗ്ധരെല്ലാം പ്രവചിച്ചു കഴിഞ്ഞു. എന്നാൽ കടുത്ത മത്സരം നടക്കുന്നത് വിക്കറ്റ് വിക്കറ്റ് കീപ്പർ ബാറ്റർ പൊസിഷനിലാണ്. ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്താണ് പുറത്തുവരുന്ന പേരുകളിൽ മുന്നിലുള്ളത്. മലയാളിയും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണാണ് തൊട്ടുപിന്നിലുള്ളത്.
ഇഷാൻ കിഷനും ദിനേഷ് കാർത്തികും ധ്രുവ് ജുറേലുമെല്ലാം പരിഗണന കാത്തിരിപ്പാണ്. ആവോളം പ്രതിഭയുണ്ടായിട്ടും തഴയപ്പെടുന്നുവെന്ന് നേരത്തെ ആക്ഷേപമുള്ളത് സഞ്ജു സാംസണിന്റെ കാര്യത്തിലാണ്. ബാറ്റിങ്ങിൽ സ്ഥിരതയില്ല എന്നത് ചൂണ്ടിക്കാട്ടി പലപ്പോഴും അവസാന നിമിഷം പുറത്തുപോകാറാണ് പതിവ്. പക്ഷേ, ഇത്തവണ അങ്ങനെ ഒരു ആക്ഷേപവും വിലപ്പോവില്ലെന്ന് തീർച്ചയാണ്.
നായകനായും ബാറ്ററായും അത്ര ഗംഭീര പ്രകടനമാണ് ഐ.പി.എല്ലിൽ ഉടനീളം പുറത്തെടുത്തത്. ഒൻപത് മത്സരങ്ങളിൽ എട്ടും വിജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. അവസാന മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ 33 പന്തിൽ 71 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിങ്സാണ് വിജയത്തിലെത്തിച്ചത്.
നാല് അർധസെഞ്ച്വറികൾ ഉൾപ്പെടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 385 റൺസ് നേടിയ സഞ്ജു റൺവേട്ടയിൽ കോഹ്ലിക്ക് പിറകിൽ രണ്ടാമതാണ്. സഞ്ജുവിന്റെ പ്രകടനത്തെ മുതിർന്ന ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ വാഴ്ത്തുന്നുണ്ടെങ്കിലും പതിവുപോലെ തഴയപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
"ഇന്ത്യൻ ടീമിൽ ഇടം കിട്ടുവാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്..? എന്നു ചോദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുയാണ് എം.എൽ.എ ഷാഫി പറമ്പിൽ. സഞ്ജുവിന്റെ പ്രകടനം വ്യക്തമാക്കുന്ന ചിത്രങ്ങളും പങ്കുവെച്ചാണ് താരത്തിന് പിന്തുണയുമായി ഷാഫി പറമ്പിൽ പോസ്റ്റിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.