'നമുക്കിടയിൽ ഇന്ന് രണ്ടുതരം ആളുകളുണ്ട്; യൂട്യൂബ് ചാനലുള്ളവരും കേക്കുണ്ടാക്കുന്നവരും' -വാട്സ്ആപ്പിലെ വെറുമൊരു ട്രോളല്ല, ഏറക്കുറെ യാഥാർഥ്യം. സിനിമയിലെ ഡയലോഗ് പോലെ മുകളിലേക്കൊരു കല്ലെറിഞ്ഞാൽ വീഴുന്നത് ഒരു യൂട്യൂബ് ചാനലുടമയുടെ തലയിലാകും.
ലോക്ഡൗൺ ലോകത്തെ വീടകങ്ങളിൽ തളച്ചപ്പോൾ പല കഴിവുകളും സർഗശേഷികളും പുറത്തുവന്നു. അതിലൊന്നായിരുന്നു യൂട്യൂബ് ചാനലുകൾ. ആൺ, പെൺ വ്യത്യാസമില്ലാതെ വന്ന പാചക പരീക്ഷണ ചാനലുകളാണ് എണ്ണത്തിൽ മുമ്പൻ. കരകൗശല ഉൽപന്ന നിർമാണം, വീട്ടിലെയും അടുക്കളയിലെയും നുറുങ്ങറിവുകൾ, ഫാഷൻ, സൗന്ദര്യ സംരക്ഷണം, യാത്ര, സംഗീതം, ഗാർഡനിങ്, ഷോപ്പിങ്, ഹോം ടൂർ, വിനോദം തുടങ്ങി നിരവധി ചാനലുകൾ ഇതിലുണ്ട്.
ഒരിക്കലെങ്കിലും ചാനൽ തുടങ്ങിയാലോ എന്നാലോചിക്കാത്തവർ വിരളം. ചാനൽ തുടങ്ങിയവരും തുടങ്ങാൻ പോകുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഏതു വിഷയമാണെങ്കിലും പ്രേക്ഷകർക്ക് പ്രയോജനപ്പെടുന്നതാണോയെന്ന് ആലോചിക്കണം. ഒരുപാട് പേർ ചെയ്തത് പകർത്തുന്നതിൽ അർഥമില്ല.
ഉദാഹരണത്തിന് ഒരു വിഭവം തയാറാക്കുന്നത്, മുമ്പ് ചെയ്തതിൽനിന്ന് വ്യത്യസ്തമായാലേ ആളുകൾക്ക് ഇഷ്ടപ്പെടൂ. യൂട്യൂബിലെ ഹിറ്റ് മേക്കേഴ്സിൽ പലരും വ്യത്യസ്ത ആശയങ്ങളും ഉള്ളടക്കവുംകൊണ്ട് ശ്രദ്ധിക്കപ്പെട്ടവരാണ്.
ആത്മവിശ്വാസമാണ് അവതരണത്തിൽ പ്രധാനം. സ്വന്തം ശൈലിയിൽ ഒഴുക്കോടെ, ആത്മവിശ്വാസത്തോടെ സംസാരിക്കുക. അച്ചടി ഭാഷയെക്കാൾ പ്രേക്ഷകർക്കിഷ്ടം നാടൻ സംസാര രീതിയാവും. മനസ്സിലാകാത്ത വാക്കുകളോ പ്രയോഗങ്ങളോ ഉണ്ടെങ്കിൽ എന്താണെന്ന് വ്യക്തമാക്കാൻ മറക്കരുത്. ഉപയോഗിക്കുന്ന ചേരുവകളുടെ/ വസ്തുക്കളുടെ പേരും അളവും കൃത്യമായി പറയുക. വിഡിയോ എഡിറ്റ് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ എഴുതി ചേർക്കുന്നതും നന്ന്. അനാവശ്യ കാര്യം പറഞ്ഞ് വിഡിയോയുടെ ദൈർഘ്യം കൂട്ടിയാൽ കാണുന്നവർക്ക് മടുക്കും. രസകരമായ കാര്യങ്ങളും ടിപ്സും നല്ലതുമാണ്.
ആകർഷകമായൊരു പേര് പ്രധാനം. നേരേത്ത ഉള്ളതാവാതിരിക്കാൻ ശ്രദ്ധിക്കുക. യൂട്യൂബിൽ സെർച് ചെയ്താൽ ഇക്കാര്യം മനസ്സിലാവും. കുഞ്ഞുപേരാണെങ്കിൽ ഓർക്കും. ഫോണ്ട്, ഡിൈസനിങ് എന്നിവ മനോഹരമാകണം.
ഓരോ വിഡിയോക്കും തലക്കെട്ട് നൽകണം. വിഡിയോ അപ്ലോഡ് ചെയ്താൽ കൂടുതൽ പേരിലേക്ക് എത്തിക്കാൻ വാട്സ്ആപ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയവയും വ്യക്തിബന്ധങ്ങളെയും ഉപയോഗിക്കാം.മിക്ക ചാനലുകൾക്കും നിരവധി വാട്സ്ആപ് ഗ്രൂപ്പുകളുണ്ട്. കമൻറ് ബോക്സിലെ പ്രതികരണങ്ങൾക്ക് മറുപടി നൽകണം. അഭിനന്ദനങ്ങളെപ്പോലെ വിമർശനങ്ങളും ഉൾക്കൊള്ളണം.
പശ്ചാത്തലത്തിനും സാങ്കേതികതക്കും പലരും പ്രാധാന്യം കൊടുക്കാറില്ല. ശബ്ദങ്ങളോ ബഹളങ്ങളോ ഒന്നുമില്ലാത്ത, വൃത്തിയും സുന്ദരവുമായ പശ്ചാത്തലത്തിൽ വേണം ചിത്രീകരിക്കാനും ശബ്ദം നൽകാനും.
അടുക്കളയിലാണെങ്കിലും അടുക്കും ചിട്ടയും വേണം. മൊബൈൽ ഫോണിലാണ് വിഡിയോ ചെയ്യുന്നതെങ്കിലും പരമാവധി കൃത്യതയും പൂർണതയും വേണം. വിഡിയോ കാമറ ഇളകാതിരിക്കാൻ ട്രൈപോഡ്, മോണോപോഡ് എന്നിവ ഉപയോഗിക്കാം.
സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ സഹായം തേടാം. എഡിറ്റിങ്ങിലും ശ്രദ്ധിക്കണം. നല്ല സോഫ്റ്റ്െവയർ ഉപയോഗിച്ച് പരമാവധി വൃത്തിയിലും ചുരുക്കിയും വെട്ടിക്കൂട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.