മൂ​ന്നാ​റി​ലെ ആ 1200 ​ഏ​ക്ക​ർ എ​വി​ടെ ?

പത്തനംതിട്ട: 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമത്തി​െൻറ തുടർച്ചയായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ വിവിധ ആവശ്യങ്ങൾക്കായി നീക്കിവെച്ച മൂന്നാറിലെ 1183.57 ഏക്കർ എവിടെയെന്ന ചോദ്യം ഉയരുന്നു. 65 സർവേ നമ്പറുകളിലായി 70522.12 ഏക്കർ ഭൂമിയാണ് അന്നത്തെ കണ്ണൻ ദേവൻ കമ്പനിയിൽനിന്ന് സർക്കാറിൽ നിക്ഷിപ്തമാക്കിയത്. ഇതിൽ മാങ്കുളത്തെ 5189 ഏക്കർ ഭൂരഹിതകർഷകർക്ക് പതിച്ചു നൽകാൻ നീക്കിവെച്ചു. ഇരവികുളത്തെ 26,002 ഏക്കർ ദേശീയ ഉദ്യാനത്തിനും മാങ്കുളത്തെ 22253.37 ഏക്കർ സംരക്ഷിത വനമാക്കിയും വിജ്ഞാപനം ചെയ്തു. മൂന്നാറിലെ 13257.70 ഏക്കർ നേരത്തേ തന്നെ വനം വകുപ്പിനു കൈമാറിയിരുന്നു.

മൂന്നാറിൽ 17,922 ഏക്കർകൂടി സംരക്ഷിത വനമാക്കാൻ നിർദേശിച്ചതിൽ 17,066 ഏക്കർ മാത്രമാണ് 2010 ഒക്ടോബറിൽ വിജ്ഞാപനം ചെയ്തത്. കുട്ടിയാർവാലിയിലെ 283.42 ഏക്കർ ഭൂരഹിത പട്ടിക ജാതി^വർഗ വിഭാഗങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും പതിച്ചു നൽകാൻ മാറ്റിവെച്ചു. ഇതി​െൻറ ബാക്കി 573 ഏക്കറോളമാണ് അപ്രത്യക്ഷമായത്.

ഇതിനു പുറമെ 1988ലെ സർക്കാർ ഉത്തരവുപ്രകാരം ആദിവാസി മുതുവ വിഭാഗത്തിൽപെടുന്നവർക്ക് കന്നുകാലി വളർത്തലിനുവേണ്ടി 337.36 ഏക്കർ ഭൂമി അന്നത്തെ കെ.എൽ.ഡി ആൻഡ് എം.എം ബോർഡിനു കൈമാറിയിരുന്നു. ഇതിനും പുറമെ 1975ലെ സർക്കാർ ഉത്തരവുപ്രകാരം മൂന്നാറിൽ ഭവന പദ്ധതി നടപ്പാക്കുന്നതിനു മാറ്റിവെച്ച 272.21 ഏക്കർ ഭൂമിയെ കുറിച്ചും വ്യക്തതയില്ല. ക്ഷീര വികസന പദ്ധതികൾക്കായി 3824.85 ഏക്കറാണ് നീക്കിവെച്ചത്. മാട്ടുപ്പെട്ടിയിലെ ഇൻഡോ^സ്വിസ് പദ്ധതിയുടെ ഭൂമിയും ഇതിൽ ഉൾപ്പെടുന്നു. മൂന്നാറിൽ പബ്ലിക് സ്കൂൾ ആരംഭിക്കാൻ കണ്ടെത്തിയ ഭൂമിയെ കുറിച്ചും നിർദേശമില്ല.
1971ലെ നിയമപ്രകാരം സർക്കാർ ഏറ്റെടുത്തതിൽ വനംവകുപ്പിനും പതിച്ചു നൽകുന്നതിനും മാറ്റിവെച്ചതൊഴിച്ചുള്ള ഭൂമി കെണ്ടത്താൻ വീണ്ടും സർവേ വേണ്ടിവരും. മൂന്നാറിലെ പഞ്ചായത്ത് വെയ്റ്റിങ് ഷെഡുകളും പൊതുമരാമത്ത് വകുപ്പി​െൻറ പാലങ്ങളും കൈയേറിയിട്ടുണ്ട്.

Tags:    
News Summary - where is the 1200 acre of munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.