കൊച്ചി: രോഗികളെ വിദഗ്ധ ചികിത്സക്ക് കേരളത്തിലേക്ക് മാറ്റുമ്പോൾ ഹെലികോപ്ടറിന് പകരം കപ്പൽ സൗകര്യം കൂടുതലായി ആശ്രയിക്കണമെന്ന് ഉത്തരവിറക്കിയ ലക്ഷദ്വീപ് ഭരണകൂടം യാത്ര പരിമിതികളെക്കുറിച്ച് മിണ്ടുന്നില്ല. അശാസ്ത്രീയമായി ദ്വീപിൽ വൻ വികസനം നടപ്പിൽ വരുത്താൻ ഒരുങ്ങിയിറങ്ങിയ അവർ, വാഗ്ദാനം ചെയ്തിട്ടും ലഭ്യമാക്കാത്ത രണ്ട് യാത്രക്കപ്പലുകളെക്കുറിച്ച് മൗനം പാലിക്കുകയാണ്.
ലക്ഷദ്വീപിലേക്കുള്ള യാത്ര ദുരിതം പരിഹരിക്കുന്നതിന് 15 വർഷം സേവനം ചെയ്യാൻ രണ്ട് യാത്രക്കപ്പൽ കൊണ്ടുവരുമെന്നായിരുന്നു 2019 വർഷാവസാനം അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരി പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് മറുപടിയായിട്ടാണ് 500, 250 എന്നിങ്ങനെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള രണ്ട് കപ്പൽ കൊണ്ടുവരുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയത്.
ഇതിനായി ടെൻഡർ വിളിച്ചിരിക്കുകയാണെന്നും ഒരു വർഷത്തിനുള്ളിൽ കപ്പലുകളെത്തിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നെങ്കിലും തുടർനടപടിയൊന്നുമുണ്ടായില്ല. യാത്ര ദുരിതം സങ്കീർണമായ ഘട്ടത്തിൽ ലക്ഷദ്വീപ് ജനതക്ക് സഞ്ചാര സൗകര്യമൊരുക്കേണ്ടത് സർക്കാറിെൻറയും അഡ്മിനിസ്ട്രേഷെൻറയും കടമയാണെന്നും ഉടൻ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനും ഉത്തരവിറക്കിയിരുന്നു. തുടർച്ചയായി കപ്പലുകൾ മുടങ്ങി നൂറുകണക്കിന് യാത്രക്കാർ കൊച്ചിയിൽ കുടുങ്ങിയ സാഹചര്യവുമുണ്ടായിരുന്നു.
നിലവിലുള്ള ഏഴ് കപ്പലുകൾ കൃത്യമായ ദിവസമോ സമയമോ പാലിക്കാതെ തോന്നുംപടിയാണ് സർവിസ് നടത്തുന്നത്. പലപ്പോഴും അനുമതി വാങ്ങി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് എത്തുമ്പോഴായിരിക്കും സർവിസ് റദ്ദാക്കപ്പെട്ട വിവരം യാത്രക്കാരൻ അറിയുന്നത്. പലതും ചെറുകപ്പലുകളായതിനാൽ കാലാവസ്ഥ അനുകൂലമല്ലെങ്കിൽ യാത്രയുണ്ടാകില്ല.
ഭൂരിഭാഗം കപ്പലുകൾക്കും ലക്ഷദ്വീപ് തീരത്തേക്ക് അടുക്കാനാകാത്തതിനാൽ, പുറംകടലിൽ വെച്ച് യാത്രക്കാരെ ഇറക്കി ചെറുബോട്ടുകളിലാണ് ദ്വീപുകളിലെത്തിക്കുന്നത്. ആളുകളെ കയറ്റുന്നതും ഇതേരീതിയിൽ തന്നെ.
ഗുരുതര ആരോഗ്യപ്രശ്നങ്ങളും അസ്ഥി സംബന്ധമായ പ്രശ്നങ്ങളുമുള്ള രോഗികളെയടക്കം ചെറുബോട്ടുകളിൽനിന്ന് കപ്പലുകളിലേക്ക് കയറ്റുന്നതിനുള്ള ബുദ്ധിമുട്ട് അധികൃതർ മനസ്സിലാക്കുന്നില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.