വടക്കാഞ്ചേരി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച യു.ഡി.എഫിന് ഒപ്പമാണോ അതോ പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുത്ത എൽ.ഡി.എഫിനൊപ്പമാണോ വടക്കാഞ്ചേരിക്കാരുടെ മനം?. സംസ്ഥാന നിയമസഭയിലെ മികച്ച മന്ത്രി കെ. രാധാകൃഷ്ണനാണോ ലോക്സഭയിലേക്കുള്ള കന്നി പോരാട്ടത്തിൽ മിന്നുന്ന ജയം നേടിയ രമ്യ ഹരിദാസാണോ വടക്കാഞ്ചേരിയുടെ മനം കവരുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എ.കെ. ആന്റണി മന്ത്രിസഭയിൽ അംഗമായി ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ മത്സരിച്ച് ‘ചരിത്രപരമായ തോൽവി’ ഏറ്റുവാങ്ങിയ കെ. മുരളീധരൻ തൊട്ടടുത്ത തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർഥിയാണെന്നത് കൗതുകമാണ്.
യു.ഡി.എഫിന് സ്വാധീനമുള്ള വടക്കാഞ്ചേരി നിയമസഭ മണ്ഡലം കുറച്ചധികം കാലമായി അവർക്ക് അത്ര പ്രാപ്യമല്ല. ഇടക്കാലത്ത് അനിൽ അക്കര ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും കഴിഞ്ഞ തവണ സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരിയെ ഇടതുപക്ഷം ചേർത്തു നിർത്തി.
വടക്കാഞ്ചേരി നഗരസഭയും തെക്കുംകര, മുളങ്കുന്നത്തുകാവ് , കോലഴി, അവണൂർ, കൈപ്പറമ്പ്, തോളൂർ, അടാട്ട് പഞ്ചായത്തുകളും അടങ്ങിയതാണ് വടക്കാഞ്ചേരി നിയോജകമണ്ഡലം. ഇതിൽ തോളൂർ പഞ്ചായത്ത് യു.ഡി.എഫും ബാക്കിയുള്ളവ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 15,000ഓളം വോട്ടിന്റെ ലീഡിനാണ് എൽ.ഡി.എഫ് മണ്ഡലം തിരിച്ചു പിടിച്ചത്. മുൻകാലങ്ങളിൽ വടക്കാഞ്ചേരിയിൽ എൽ.ഡി.എഫും യു.ഡി.എഫും ഇടവിട്ട തെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടുണ്ട്. ആലത്തൂരിലെ കഴിഞ്ഞ തവണത്തെ അട്ടിമറി ജയം ആവർത്തിക്കുക യു.ഡി.എഫിന് ഇക്കുറി എളപ്പമല്ലെന്നത് വസ്തുതയാണ്.
കഴിഞ്ഞ തവണ ശബരിമല വിഷയവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുമാണ് യു.ഡി.എഫിന് ജയം എളുപ്പമാക്കിയത്.
വികസന പദ്ധതികളും സാധാരണക്കാരി എന്ന ഇമേജും രമ്യ ഹരിദാസിനെ രണ്ടാം വട്ടവും തുണക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ കെ. രാധാകൃഷ്ണൻ എന്ന മികച്ച പ്രതിച്ഛായയുള്ള എൽ.ഡി.എഫ് സ്ഥാനാർഥി ഒരു വെല്ലുവിളി തന്നെയാണെന്ന് ബോധ്യം അവർക്കുണ്ട്. എൽ.ഡി.എഫാകട്ടെ രാധാകൃഷ്ണനിലൂടെ ആലത്തൂർ തങ്ങളുടെ കൂടെപ്പോരുമെന്ന കടുത്ത പ്രതീക്ഷയിലാണ്. രണ്ടാംഘട്ട പ്രചാരണവുമായി രമ്യ ഹരിദാസും യു.ഡി.എഫ് ക്യാമ്പും സജീവമാണ്.
പടലപ്പിണക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പരിഗണിച്ച് അതെല്ലാം മാറ്റിവെച്ചാണ് കോൺഗ്രസ് പ്രവർത്തിക്കന്നേത്. വടക്കാഞ്ചേരി മണ്ഡലത്തിലെ വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് കെ. രാധാകൃഷ്ണന്റെ പ്രചാരണം.
എൻ.ഡി.എ സ്ഥാനാർഥിയെ വൈകിയാണ് പ്രഖ്യാപിച്ചത്. ടി.എൻ. സരസു കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വികസന നയങ്ങളും ജനക്ഷേമ പദ്ധതികളും നിരത്തിയാണ് വോട്ട് തേടുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന് കൊടുത്ത സീറ്റ് ഇത്തവണ ബി.ജെ.പി ഏറ്റെടുത്തതാണ്. സാമുദായിക വോട്ടുകൾ അനുകൂലമാക്കാൻ മുന്നണികൾ അണിയറയിൽ വലിയ പരിശ്രമം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.