കോട്ടയം: ഇതുവരെ തട്ടിപ്പുകാരെന്ന് പറഞ്ഞുനടന്നവരുടെ തോളിൽ കൈയിട്ടുവേണം പാലായിൽ വോട്ട് തേടിപ്പോകാൻ. പാലായെന്നാൽ പണ്ടുമുതലേ മാണിയാണ്. കെ.എം. മാണിയുടെ മരണശേഷവും മാണി സി. കാപ്പനെ വിജയിപ്പിച്ച മണ്ഡലം പാലാ മെംബറുടെ പേര് മാണിയായിത്തന്നെ നിലനിർത്താൻ ശ്രദ്ധിച്ചിരുന്നു.
മാസങ്ങൾക്കുമുമ്പ് എൽ.ഡി.എഫിന് തലയെടുപ്പുള്ള കൊമ്പനായിരുന്ന മാണി സി. കാപ്പൻ ഇക്കുറി ഇടഞ്ഞ കൊമ്പനായി. കോഴമാണി എന്ന് വിളിച്ചിരുന്ന ഇടതുപക്ഷനാവുകൊണ്ട് സഖാവ് മാണി എന്ന് വിളിപ്പിച്ച ജോസ് കെ. മാണി തന്നെയാണ് ഇപ്പോൾ പാലായിലെ തലയെടുപ്പുള്ള എൽ.ഡി.എഫ് നേതാവ്.
പിന്നിൽനിന്ന് കുത്തുന്ന കോൺഗ്രസ്, ഒപ്പംനിന്ന് പാലം വലിച്ച ജോസഫ് ഗ്രൂപ്, ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചാരണത്തിൽ മുന്നിലെത്തിയ ഇടതുപക്ഷം, തുടർച്ചയായ തോൽവിയിലുണ്ടായ സഹതാപം മുതൽ മാണി എന്ന പേരിനോടുള്ള ഇഷ്ടവും വരെ വോട്ടാക്കാൻ കാണിച്ച ബുദ്ധി, ഇതൊക്കെ ചേർന്നപ്പോഴാണ് ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ ജയിച്ചത്. ഇക്കുറി സ്ഥിതിഗതികൾക്ക് അൽപം മാറ്റമുണ്ട്. പിതാവിെൻറ പാരമ്പര്യം കാക്കാൻ ജോസ് കെ. മാണി നേരിട്ടിറങ്ങുകയാണ്. വോട്ടർമാർ കുടുംബസ്നേഹം കാണിച്ചേക്കാം. മാണി സി. കാപ്പനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ ഇടതുപക്ഷം ഒറ്റക്കെട്ടായി ജോസ് കെ. മാണിക്ക് പിന്നിലുണ്ട്. സ്ഥിരം പാരകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസിനെയും ജോസഫ് ഗ്രൂപ്പിനെയും ഭയക്കേണ്ടതില്ല. പാളയത്തിൽ പടയുണ്ടാക്കാൻ ശേഷിയുള്ള മുതിർന്ന നേതാക്കളെല്ലാം മറുകണ്ടം ചാടിയതിെൻറ ആശ്വാസം വേറെയും.
അവശേഷിക്കുന്ന ഏക ആശങ്ക പരമ്പരാഗത വോട്ട്ബാങ്കായ ക്രൈസ്തവ സമൂഹം വിമോചന സമരകാലം മുതൽ ശത്രുക്കളായ കമ്യൂണിസ്റ്റുകാരെ എങ്ങനെ സ്വീകരിക്കും എന്നത് മാത്രമാണ്. കേരള കോൺഗ്രസിെൻറ വത്തിക്കാനാണ് പാലാ എന്ന് വിശേഷിപ്പിക്കുന്ന ജോസ് കെ. മാണി അതിനും വഴി കണ്ടുവെച്ചിട്ടുണ്ട്. അതിെൻറ ഫലമായി ഈ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന ഇടയലേഖനം പുറപ്പെടുവിക്കേണ്ടെന്ന് കത്തോലിക്ക സഭ തീരുമാനിച്ചിട്ടുണ്ട്. ഉപെതരഞ്ഞെടുപ്പിൽ മാണി സി. കാപ്പനൊപ്പംനിന്ന സി.എസ്.ഐ സഭ വിശ്വാസികൾക്ക് ഇക്കുറി ജോസ് കെ. മാണിയിലും വിശ്വാസം ജനിച്ചിട്ടുണ്ട് എന്നത് എൽ.ഡി.എഫ് ക്യാമ്പിൽ ആശ്വാസം നിറക്കുന്നു.
കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് നൽകിയതുമുതൽ പാലായിൽ ആദ്യമായി എം.എൽ.എ ഓഫിസ് തുറന്നതുവരെ ചൂണ്ടിക്കാട്ടി പാലായുടെ പുതിയ മാണിക്യമാകാൻ മാണി സി. കാപ്പനും വിയർപ്പൊഴുക്കുന്നു. ഇതിനിടെ പി.സി. തോമസിനെ രംഗത്തിറക്കി കളംപിടിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.