തിരുവനന്തപുരം: കെ.കെ. ശൈലജക്കെതിരായ സൈബർ ആക്രമണം ആയുധമാക്കി യു.ഡി.എഫിനെ പ്രതിരോധത്തിലേക്ക് തള്ളി സി.പി.എം. വടകരയിൽ ഓളം സൃഷ്ടിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ തളയ്ക്കാൻ കൊണ്ടുവന്ന പരാതി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യവിഷയമാക്കി മാറ്റാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ച് ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയായാണ് സി.പി.എം വടകരയിൽ കെ.കെ. ശൈലജയെ അവതരിപ്പിച്ചത്.
കോൺഗ്രസ് പട്ടികയിൽ അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിൽ വടകരയിൽ ഷാഫി പറമ്പിൽ വന്നത് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. യുവനേതാവിന്റെ മാസ് എൻട്രിയും പ്രചാരണത്തിലെ ചടുലതയും കോൺഗ്രസ് കണക്കുകൂട്ടിയതിനും അപ്പുറമായിരുന്നു.
കോവിഡ്, നിപ കാലത്തെ രക്ഷകയെന്ന പ്രതിഛായയിൽ വടകരയിൽ ശൈലജയെ വിജയിപ്പിക്കാമെന്ന സി.പി.എമ്മിന്റെ ഉറച്ചവിശ്വാസത്തിൽനിന്ന് കടുത്ത മത്സരത്തിലേക്ക് കാര്യങ്ങൾ മാറി. പാനൂർ സ്ഫോടനവും മരണവും പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ശൈലജ സൈബർ ആക്രമണത്തിൽ വൈകാരിക പ്രതികരണവുമായി രംഗത്തുവന്നത്. കേരളം ആദരിക്കുന്ന പൊതുപ്രവർത്തകയോടുള്ള അതിരുവിട്ട അധിക്ഷേപം ചർച്ചയാക്കാൻ സി.പി.എമ്മിന് കഴിഞ്ഞതോടെ യു.ഡി.എഫ് പതറി. ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തെ അടിതെറ്റിക്കുമെന്ന് തിരിച്ചറിഞ്ഞ യു.ഡി.എഫ് സൈബർ ആക്രമണത്തെ തള്ളിപ്പറഞ്ഞ് കൈകഴുകാനുള്ള ശ്രമത്തിലാണ്. വിവിധ യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കെ.കെ. ശൈലജയുടേത് നുണബോംബാണ്. ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോഴാണ് ഇത്തം ബോംബുമായി സി.പി.എമ്മും സ്ഥാനാര്‍ഥിയും ഇറങ്ങിയിരിക്കുന്നത്. കെ.കെ. രമയെ ആസ്ഥാനവിധവയെന്ന് ആക്ഷേപിച്ചപ്പോള്‍ കെ.കെ. ശൈലജയെയോ വൃന്ദ കാരാട്ടിനെയോ കണ്ടില്ല. ഉമ തോമസിനെയും ബിന്ദു കൃഷ്ണയെയും അനിത ബാബുവിനെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചില്ലേ? സ്വന്തം ജില്ല സെക്രട്ടറിയുടെ കട്ടിലിന്റെ അടിയില്‍ കാമറ വെച്ച സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല- വി.ഡി. സതീശൻ
സൈബർ ആക്രമണത്തിന് പിന്നിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിന്റെ ഐ.ടി സെൽ ചുമതലയുള്ള പി. സരിൻ എന്നിവരാണ്. യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദപ്പെട്ട പേജുകളിലൂടെയാണ് ശൈലജക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസ് ഐ.ടി സെല്ലിന്റെയും അറിവോടെയാണിത്- വി.കെ. സനോജ് (ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.