കൊച്ചി: സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈകോടതിയിൽനിന്ന് തുടരെ തിരിച്ചടി. സർവകലാശാല -യു.ജി.സി ചട്ടങ്ങൾ കൃത്യമായി പാലിക്കാതെയാണ് ചാൻസലറുടെ ഉത്തരവുകളെന്ന നിരീക്ഷണമാണ് കോടതി ആവർത്തിക്കുന്നത്. സ്വേച്ഛാപരവും ഏകപക്ഷീയവുമാണ് ചാൻസലറുടെ നടപടികളെന്ന പരാമർശവും കേരള സെനറ്റ് വിഷയത്തിൽ കോടതിയിൽനിന്നുണ്ടായി.
സർക്കാറുമായി ഏറ്റുമുട്ടലുണ്ടായ സമയത്തെ ഗവർണറുടെ നിലപാടുകളാണ് ഹൈകോടതിയുടെ ഇടപെടലിൽ റദ്ദാക്കപ്പെടുന്നത്. സർക്കാർ പട്ടികയിൽനിന്നുള്ളവരെ തള്ളി സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരായ ഡിവിഷൻ ബെഞ്ചിന്റെ വിധിയാണ് ആദ്യം ചാൻസലർക്ക് കനത്ത തിരിച്ചടിയായത്. സിസയുടെ നിയമനത്തിൽ സിംഗിൾ ബെഞ്ചിന്റെ നിലപാടിനെതിരെ സർക്കാറിന്റെ ഹരജി ശരിവെച്ചായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
വി.സി ആയിരുന്ന ഡോ. എം.എസ്. രാജശ്രീക്ക് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഒഴിയേണ്ടി വന്നിരുന്നു. തുടർന്നാണ് സാങ്കേതിക സർവകലാശാലയിൽ വി.സിയുടെ താൽക്കാലിക നിയമനം വേണ്ടിവന്നത്. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർക്കോ പ്രോ-വൈസ് ചാൻസലർക്കോ ചുമതല നൽകണമെന്ന സർക്കാർ നിർദേശം തള്ളി ചാൻസലർ ഏകപക്ഷീയമായി സിസയെ നിയമിക്കുകയായിരുന്നു. യോഗ്യതയുള്ളവരെ ശിപാർശ ചെയ്യാൻ സർക്കാറിന് അധികാരമുണ്ടെന്നാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്. നിയമം മറികടന്ന് ചാൻസലർ കൂടിയായ ഗവർണർക്ക് സർവകലാശാല തലപ്പത്ത് നിയമനം നടത്താനാകില്ലെന്നും അന്ന് വ്യക്തമാക്കി.
സാങ്കേതിക സർവകലാശാലയിൽ പ്രത്യേക സമിതിയെ നിയോഗിച്ച തീരുമാനം മരവിപ്പിച്ച ചാൻസലറുടെ നടപടി കോടതി റദ്ദാക്കിയിരുന്നു. സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന ബോർഡ് ഓഫ് ഗവേണൻസ് തീരുമാനവും ചാൻസലർ സസ്പെൻഡ് ചെയ്തിരുന്നു.ഈ നടപടിയും അതേ ഉത്തരവിൽ സിംഗിൾ ബെഞ്ച് റദ്ദാക്കി. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗം കൂടിയായ ഐ.ബി. സതീഷ് എം.എൽ.എ നൽകിയ ഹരജിയിലായിരുന്നു ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
ഡോ. എം.എസ്. രാജശ്രീ വി.സി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പശ്ചാത്തലത്തിൽ സമാന കാരണം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മറ്റ് വി.സിമാർക്കെല്ലാം പുറത്താക്കപ്പെടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് വി.സിമാർ നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.നോട്ടീസ് ലഭിച്ച വി.സിമാർ നേരിട്ടും അല്ലാതെയും ചാൻസലർക്ക് വിശദീകരണം നൽകിയിട്ടുണ്ട്. എന്നാൽ, വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തൽക്കാലം തുടർ നടപടിയെടുക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ ഹരജികളുടെ വിധിയും നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.