തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെയും വർഗീയ പരാമർശങ്ങൾക്കെതിരെ കേസെടുക്കാത്ത പിണറായി സർക്കാറിനെ വിമർശിച്ച് സി.പി.ഐ മുഖപത്രം. മതസ്പര്‍ധയുണ്ടാക്കുന്ന വായ്ത്താരികള്‍ മുഴക്കിയ ഈ രണ്ടു മഹാന്മാര്‍ക്കുമെതിരെ പോലീസ് ഒരു പെറ്റിക്കേസ് പോലുമെടുത്തില്ലെന്നത് കൗതുകകരമാണെന്ന് ജനയുഗം പത്രത്തിൽ പ്രസിദ്ധീകരിച്ച ‘കിരാതന് ഗോപിയും വാവരുസ്വാമിയും’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് സി.പി.ഐ പത്രത്തിലെ പരാമർശം.
നേരത്തേ, എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായും പൂരം കലക്കിയതുമായും ബന്ധപ്പെട്ട് ജനയുഗം ശക്തമായ വിമർശനം മുഖ്യമന്ത്രിക്ക് നേരെ ഉന്നയിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണ് സുരേഷ് ഗോപിയും ബി. ഗോപാലകൃഷ്ണനും വെറുപ്പിന്റെ ഭാഷയിൽ സംസാരിച്ചത്. മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പ്രസ്താവനകള്‍. വഖഫ് ബോർഡിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അത് ഒതുക്കിയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ‘‘മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ്. ആ ബോർഡിന്റെ പേര് താൻ പറയില്ല. ഭാരതത്തിൽ ആ കിരാതത്തെ ഒതുക്കിയിരിക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കും’’ -സുരേഷ് ഗോപി പറഞ്ഞു.
‘‘ശബരിമലയില്‍ വാവര് എന്ന ഒരു ചങ്ങായി പതിനെട്ടാംപടിക്കു താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടിവരില്ലേ. വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക’’ -ഇതായിരുന്നു ബി. ഗോപാലകൃഷ്ണന്റെ പരാമർശങ്ങൾ.
സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതാണെന്ന് ജനയുഗം ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍ പൂരം കലങ്ങിയില്ല, വെടിക്കെട്ടു മാത്രമേ വൈകിയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളി കലാപാഹ്വാനം നടത്തിയും മതസ്പര്‍ധ വളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് വിഷവിത്തുകളായ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ വിഷം ചീറ്റല്‍ കാണാതെ പോകുന്നതെന്നും ലേഖനം വിമർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.