മലപ്പുറം: തന്നെ കള്ളനെന്ന് വിളിക്കുന്നവർ ആഭ്യന്തര വകുപ്പും പൊലീസും കൈയിലുണ്ടായിട്ടും അഞ്ച് വർഷത്തിനിടെ എന്തുകൊണ്ട് പിടികൂടിയില്ലെന്ന് തവനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ. മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'താനൊരു മുസ്ലിം ലീഗുകാരനായിരുന്നുവെന്നും ചാരിറ്റിയല്ലാതെ ഇപ്പോൾ രാഷ്ട്രീയമില്ലെന്നും പറഞ്ഞത് മുതൽ തുടങ്ങിയതാണ് ആക്രമണം. മനുഷ്യത്വമില്ലാത്ത വർഗമാണ് ഈ ആക്രമണത്തിന് പിന്നിൽ.
ചാരിറ്റി അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അവർ നിരന്തരം ആക്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി അന്നെല്ലാം താൻ രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നും ഫേസ്ബുക്കിൽ നിരന്തരം പറഞ്ഞിരുന്നു. അതിന്‍റെ വിഡിയോ ക്ലിപ്പുകളാണ് ഇപ്പോൾ എതിരാളികൾ പ്രചരിപ്പിക്കുന്നത്.
താൻ ചെയ്ത പ്രവർത്തനങ്ങളെല്ലാം സമൂഹ മാധ്യമങ്ങളെ സാക്ഷിനിർത്തിയാണ്. രോഗികൾക്ക് പൈസ വീതിച്ച് നൽകിയിട്ടുള്ളത് അക്കൗണ്ടുകൾ വഴി മാത്രമാണ്. ഇതൊക്കെ പരിശോധിക്കാനും തെറ്റുകളുണ്ടെങ്കിൽ കണ്ടുപിടിക്കാനും ഈ നാട്ടിൽ പൊലീസ് മുതൽ എൻ.ഐ.എ, ആർ.ബി.ഐ, വിജിലൻസ്, ഇന്‍റലിജൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയവരെല്ലാമുണ്ട്. അവർക്കൊക്കെ എന്തായിരുന്നു പണി.
ഇപ്പോൾ എതിരാളികൾ പറയുന്നത് ഫിറോസ് കുന്നംപറമ്പിൽ കള്ളനാണെന്നാണ്. അഞ്ചുകൊല്ലത്തിനിടെ എന്തുകൊണ്ട് ഇക്കാര്യം നിങ്ങൾ തെളിയിച്ചില്ല. താൻ കള്ളനാണെന്ന് പറയേണ്ടത് തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴല്ല -ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.