കോഴിക്കോട്: താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും കുടുംബം തകർന്നുപോയെന്നുമുള്ള രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. താൻ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് വിളിച്ചുപറയേണ്ട അവസ്ഥയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറയുന്നു.
'ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, എന്‍റെ കുടുംബം തകർന്നുപോയി തുടങ്ങിയ ദിവാസ്വപ്നങ്ങൾ നികൃഷ്ടജീവികൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. നിരവധി പേർ അത് ഏറ്റുപിടിച്ചു. ചിലർ അത് വിശ്വസിച്ചിട്ടുണ്ടാകാം. ആത്മഹത്യയുടെ മുന്നിൽ അഭയം പ്രാപിക്കുന്ന അത്ര ഭീരുവുമല്ല ഞാൻ.
ഏത് അന്വേഷണ ഏജൻസികളുടെ മുന്നിലും എപ്പോൾ വേണമെങ്കിലും ആവശ്യമായ വിവരങ്ങൾ നൽകാമെന്ന് എന്നോ വ്യക്തമാക്കിയതാണ്. എന്നാൽ, രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തിൽ എന്‍റെ മരണം പോലും പ്രതീക്ഷിക്കുന്ന ചിലർ കുപ്രചാരണങ്ങൾ നടത്തുകയാണ്.
വ്യക്തിപരമായ ആക്രമണമായിട്ട് ഇതിനെ കരുതുന്നില്ല. നിങ്ങളതിൽ പരാജയപ്പെടും. എന്‍റെ പ്രസ്ഥാനത്തിന്റെ കരുത്തിലും മുകളിലുമാണ് ഞാൻ നിൽക്കുന്നത്. പത്ത് വയസ്സ് മുതൽ സി.പി.എമ്മിന്‍റെ ഭാഗമായി മാറിയതാണ്. 40 വർഷക്കാലത്തെ കഠിനവും ശക്തവും നല്ലതും ചീത്തതുമായ അനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത വ്യക്തിത്വമാണ് താൻ.
അതുകൊണ്ട് ഇത്തരം പ്രചാരണങ്ങളുടെ മുന്നിൽ തലകുനിക്കുമെന്ന് പ്രതീക്ഷിക്കരുത്. തെറ്റായ പ്രചാരണങ്ങൾ ആരും വിശ്വസിക്കരുത്. ഇതെല്ലാം ശുദ്ധകളവാണ്. കഴിഞ്ഞദിവസം പനി ബാധിച്ചിരുന്നു. അതിനെ തുടർന്ന് വിശ്രമത്തിലാണ്' -പി. ശ്രീരാമകൃഷ്ണൻ വിഡിയോയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.