കൊച്ചിയിൽ എ.ടി.എമ്മുകളിൽ കൃത്രിമം കാണിച്ച് വ്യാപക തട്ടിപ്പ്

കൊച്ചി: നഗരത്തിൽ എ.ടി.എമ്മുകളിൽ കൃത്രിമം കാണിച്ച് വ്യാപക തട്ടിപ്പ്. എ.ടി.എം കാഷ് ഡ്രോ ബ്ലോക്ക് ചെയ്താണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇടപാടുകാർ മടങ്ങിയശേഷം മോഷ്ടാക്കൾ പണമെടുത്ത് മുങ്ങുന്നതാണ് പതിവ്. പണം പുറത്തു വരാതിരിക്കാൻ സ്കെയിൽ പോലെയുള്ള ഉപകരണമാണ് കാഷ് ഡ്രോയിൽ ഘടിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നിരവധി എ.ടി.എമ്മുകളിൽനിന്നാണ് ഇത്തരത്തിൽ സംഘം പണം കവർന്നത്.

ആഗസ്റ്റ് 18 മുതൽ തുടങ്ങിയ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം. തട്ടിപ്പുനടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി എ.ടി.എമ്മിൽ കയറി പണം വരുന്ന ഭാഗം സ്കെയിൽ പോലെയുള്ള ഉപകരണംവെച്ച് ബ്ലോക്ക് ചെയ്യും. പിന്നാലെ പുറത്തിറങ്ങി കാത്തിരിക്കും. പണം പിൻവലിക്കാൻ എത്തുന്ന ഉപഭോക്താവ് എ.ടി.എം തകരാറാണെന്ന ധാരണയില്‍ തിരിച്ചുപോകും. ഇതിനുപിന്നാലെ മോഷ്ടാവ് എ.ടി.എമ്മിൽ കയറി ഉപകരണം എടുത്തുമാറ്റി പണം എടുക്കും.

കളമശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഒരു എ.ടി.എമ്മിൽ ഏഴ് തവണയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. കളമശ്ശേരി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കൂടുതലും നടന്നത്. വൈറ്റില ഉൾപ്പെടെയുള്ള സ്ഥലത്തും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Widespread fraud in ATMs in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.