മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി​യി​ൽ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ മേ​യു​ന്ന കാ​ട്ടു​പോ​ത്തു​ക​ൾ

വന്യജീവി ആക്രമണം: അഞ്ചുവർഷത്തിനിടെ മരണം 551; കൂടുതലും പാമ്പുകടിയേറ്റ്

തിരുവനന്തപുരം/കൽപറ്റ: എരുമേലിയിലും കൊല്ലം അഞ്ചലിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതുൾപ്പെടെ വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞത് നിരവധി ജീവൻ. ആവാസവ്യവസ്ഥയിലെ മാറ്റങ്ങളാണ് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങൾ എത്താൻ കാരണമെന്ന് പറയുമ്പോഴും വനാതിര്‍ത്തികളിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ കാട്ടുന്ന അലംഭാവം ആശങ്ക കൂട്ടുന്നു.

മറ്റ് വന്യമൃഗങ്ങളെ അപേക്ഷിച്ച് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. 2017 മുതൽ 2022 വരെ രണ്ടുപേരാണ് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണ്ണൂരിലും മറയൂരിലും. പിന്നീട് ഇപ്പോഴാണ് മൂന്നുപേരുടെ മരണം രണ്ട് ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, മൂന്നുവർഷത്തിനിടെ എട്ടുപേർക്ക് കാട്ടുപോത്തിന്‍റെ കുത്തേറ്റു. തിരുവനന്തപുരത്ത് അഞ്ചുപേർക്കും മറയൂരിൽ രണ്ടുപേർക്കും കോട്ടയത്ത് ഒരാൾക്കുമാണ് പരിക്കേറ്റത്.

2017 മുതൽ 2022 വരെ വന്യജീവി ആക്രമണങ്ങളിൽ 551 പേർക്കാണ് ജീവഹാനി സംഭവിച്ചത്. അതിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് പാമ്പുകടിയേറ്റാണ്. 403 പേരാണ് പാമ്പുകടിയേറ്റുമരിച്ചത്. തൊട്ടടുത്ത് കാട്ടാന ആക്രമണമാണ്. 113 പേർ. കാട്ടുപന്നിയുടെ കുത്തേറ്റ് 25 പേരും കടുവ ആക്രമണത്തിൽ എട്ടുപേരും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടാളുമാണ് മരിച്ചത്. 34,875 വന്യജീവി ആക്രമണങ്ങളാണ് ഈ സർക്കാറിന്‍റെ കാലത്ത് റിപ്പോർട്ട് ചെയ്തത്.

അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടക്കുന്ന വയനാട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ 43 വർഷത്തിനിടെ കൊല്ലപ്പെട്ടത് 150 പേരാണ്. 1980 മുതലുള്ള കണക്കാണിത്. ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്. കടുവയുടെ ആക്രമണത്തിൽ ആറും കാട്ടുപോത്ത്, പന്നി എന്നിവയുടെ ആക്രമണത്തിൽ രണ്ടുപേർ വീതവും കൊല്ലപ്പെട്ടിട്ടുണ്ട്. കരടിയുടെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ആരും മരിച്ചിട്ടില്ല.

അപ്രതീക്ഷിത വില്ലനായി കാട്ടുപോത്ത്

കോട്ടയം: മലയോര മേഖല പുലിപ്പേടിയിൽ കഴിയുന്നതിനിടെയാണ് വീടിന്‍റെ സുരക്ഷിത്വത്തിലേക്ക് കടന്നുകയറിയുള്ള കാട്ടുപോത്ത് ആക്രമണം. രണ്ടുപേരെ കാട്ടുപോത്ത് കുത്തിക്കൊന്ന കണമല ഉൾപ്പെടുന്ന എരുമേലി പഞ്ചായത്തിൽ കഴിഞ്ഞ ഒന്നരമാസത്തിനിടെ നാലിടങ്ങളിലാണ് പുലിയുടെ സാന്നിധ്യമുണ്ടായത്.

രണ്ടിടങ്ങളിൽ നാട്ടുകാരുടെ കൺമുന്നിലൂടെയാണ് പുലി പാഞ്ഞത്. ഈമാസം ആദ്യം ഏരുമേലിയിലെ മൂക്കൻപെട്ടിയിലും ഏയ്ഞ്ചൽവാലിയിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. പമ്പാവാലി, ഏയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, കണമല തുടങ്ങി പെരിയാര്‍ കടുവ സങ്കേതത്തിന്‍റെ പരിസര പ്രദേശങ്ങളിൽ നിരവധി വളർത്തുമൃഗങ്ങളാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിൽ പലതും പുലിയാണെന്ന സംശയത്തിൽ ഭീതിയിലായിരുന്നു കോട്ടയത്തിന്‍റെ മലയോരമേഖല.

കഴിഞ്ഞ ഒരുമാസത്തിനിടെ എരുമേലി പഞ്ചായത്തിൽ മാത്രം ഒമ്പത് സ്ഥലത്താണ് വളർത്തുമൃഗങ്ങൾ വന്യജീവി ആക്രമണത്തില്‍ ചത്തത്. ഏറ്റവുമൊടുവിൽ വ്യാഴാഴ്ച ഇരുമ്പൂന്നിക്കരയില്‍ വളര്‍ത്തുനായ്ക്കളും ആടും വന്യജീവി ആക്രമണത്തില്‍ ചത്തു. തൊട്ടുമുന്നിലുള്ള ദിവസങ്ങളിൽ ഇരുമ്പൂന്നിക്കര ആശാൻ കോളനി പതാപ്പറമ്പിൽ ജയകുമാർ, തടത്തിൽ ഷിബു, പറപ്പള്ളിൽ ബിബിൻ എന്നിവരുടെ വിട്ടിലെ വളർത്തുനായെ അജ്ഞാതജീവി ആക്രമിച്ചിരുന്നു. ദിവസങ്ങൾക്കുമുമ്പ് മൂക്കൻപെട്ടി അരുവിക്കൽ കീരിത്തോട് ഈറക്കൽ ജ്ഞാനകുമാറിന്‍റെ വീട്ടിലെ കൂട്ടിൽകെട്ടിയിരുന്നു ഗർഭിണിയായ ആടിനെ കടിച്ചുകൊന്നിരുന്നു. ഏപ്രിൽ 25ന് തുമരംപാറ എഴുകുമൺ പ്ലാക്കൂട്ടത്തിൽ ഷാജിയുടെ വീടിനുസമീപം കൂട്ടിൽകിടന്ന രണ്ട് മുയലുകളെ കാണാതായി. ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ പുലിയെന്ന് സംശയിക്കുന്ന ജീവി ഓടുന്നത് കണ്ടിരുന്നു. എഴുകുമൺ പുതിയത്ത് ജാൻസിയുടെ വീടിന്‍റെ പുറത്ത് കൂട്ടിലിട്ടിരിക്കുന്ന നായെ കാണാതായിട്ടും അധികദിവസമായിട്ടില്ല. തുടർച്ചയായി വളർത്തുനായ്ക്കൾ നഷ്ടപ്പെടുന്നതിനിടെയാണ് മനുഷ്യജീവനെടുത്ത കാട്ടുപോത്തിന്‍റെ ക്രൂരത.

എരുമേലിയിലും പുനലൂരിലും ജാഗ്രത നിർദേശം

തിരുവനന്തപുരം: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മൂന്നുപേർ മരിച്ച കോട്ടയം എരുമേലിയിലും കൊല്ലം പുനലൂരിലും വന്യമൃഗങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താനും കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. കാട്ടുപോത്തുകളുടെ ആക്രമണമുണ്ടായ പ്രദേശങ്ങളിൽ വനം വകുപ്പിന്‍റെ നിരീക്ഷണം ശക്തമാക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കോട്ടയത്ത് ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്. അരുണിനെയും കോട്ടയം ഡി.എഫ്.ഒ എൻ. രാജേഷിനെയും ചുമതലപ്പെടുത്തി.

കൊല്ലത്ത് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമലാഹർ, പുനലൂർ ഡി.എഫ്.ഒ ഷാനവാസ് എന്നിവർക്കാണ് ചുമതല. ഇവരുടെ നേതൃത്വത്തിൽ വനം വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കും. മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം രണ്ടുദിവസത്തിനകം നൽകും. ആദ്യഘട്ടമെന്ന നിലയിൽ അഞ്ചുലക്ഷം രൂപ വീതമാണ് നൽകുക. ബാക്കി അഞ്ചുലക്ഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അനന്തരാവകാശികളുടെ വിവരം അടങ്ങിയ സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്ന മുറക്ക് നൽകുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.



Tags:    
News Summary - Wild animal attack: 551 deaths in five years; Mostly snake bites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.