തിരുവനന്തപുരം: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുമ്പോഴും മൃഗങ്ങളെ കാട്ടിലേക്ക് തുരത്താൻ സംവിധാനങ്ങളും സാമഗ്രികളുമില്ലാതെ ഉഴലുകയാണ് വനം വകുപ്പിന്റെ ദ്രുതകര്‍മസേന. രാവും പകലുമില്ലാതെ ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ വനംവകുപ്പിനുള്ള ഏക സംവിധാനം ദ്രുതകർമസേന (റാപിഡ് റെസ്പോൺസ് ടീം) മാത്രമാണ്.
പലപ്പോഴും ഉൾവനങ്ങളിലേക്കുപോലും പോകേണ്ട സാഹചര്യവും ഇവർക്കുണ്ട്.വനാതിർത്തിയോട് ചേർന്ന മേഖലകളിലായിരുന്നു നേരത്തേ വന്യമൃഗശല്യമെങ്കിൽ ഇപ്പോൾ ജനവാസമേഖലയിലും വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തുന്ന അവസ്ഥയാണ്. ഒരു സ്ഥലത്തുനിന്ന് തുരത്തിയോടിക്കുന്ന കാട്ടാനകൾ അടുത്ത മണിക്കൂറിൽ വീണ്ടും മറ്റൊരു ജനവാസ മേഖലയിലിറങ്ങും.
അതിനിടെ, ചിലപ്പോള്‍ വീട്ടില്‍ പാമ്പ് കയറിയെന്ന് വിളിവരും. അടുത്തവിളി കാട്ടുപോത്ത് ആക്രമിച്ചെന്നാകും. കാട്ടുപന്നി, കടുവ, പുലി, കുരങ്ങ് ഇവക്ക് പിറകെയെല്ലാം പോരടിക്കാൻ ആകെയുള്ളത് ആർ.ആർ.ടി എന്ന റാപിഡ് റെസ്പോൺസ് ടീം മാത്രമാണ്. സംസ്ഥാനത്ത് ആകെ ഏഴ് ആർ.ആർ.ടി സംഘമാണുള്ളത്. 18 പേരാണ് ഓരോ സംഘത്തിലും. അതിൽ സ്ഥിരനിയമനക്കാർ അഞ്ചോ ആറോ മാത്രം.
ബാക്കി കരാറുകാരാണ്. എല്ലാ സംഘത്തിലും നാടറിയുന്ന ഒന്നോ രണ്ടോ പേരുണ്ടാകും. ഈ ദിവസക്കൂലിക്കാർക്ക് പലപ്പോഴും പ്രതിഫലം കിട്ടാറില്ല. ജീവൻ പണയംവെച്ച് പണിക്കിറങ്ങുന്ന ഇവര്‍ക്ക് വന്യമൃഗങ്ങളെ തുരത്താൻ ഒന്നും കൈയിലുണ്ടാകില്ല. പുലിയെയും കടുവയെയും പിടിക്കാൻ കൂടില്ലാത്ത അവസ്ഥയും പലയിടത്തുമുണ്ട്.
കുരങ്ങിനെ പിടിക്കാൻ പോലും ആവശ്യത്തിന് കൂടില്ലാത്തത് പ്രതിസന്ധിയാണ്. മൃഗങ്ങളെ പിടിക്കാൻ സ്ഥാപിച്ച കൂടുകൾ മഴയും വെയിലുമേറ്റ് നശിക്കുന്ന സംഭവങ്ങളുമേറെ. വന്യമൃഗങ്ങളെ തുരത്താൻ റബര്‍ ബുള്ളറ്റും തോക്കും ഉപയോഗിക്കാന്‍ അനുമതി വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. വന്യമൃഗാക്രമണങ്ങൾ പെരുകിയിട്ടും കൂടുതൽ ആർ.ആർ.ടികളെ വിന്യസിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.