അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ കാളപ്പൂട്ട് മത്സരം നടക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കച്ചേരിപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഹംസ (40), വട്ടത്തൊടി വീട്ടില്‍ മരക്കാറിന്റെ മകന്‍ അഫ്‌സല്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം.
കച്ചേരിപ്പറമ്പില്‍ വനമേഖലയോട് ചേര്‍ന്ന നെല്ലിക്കുന്ന് ഭാഗത്താണ് കാളപൂട്ട് മത്സരം നടന്നത്. നൂറ് കണക്കിന് ആളുകള്‍ കാണാനായി എത്തിയിരുന്നു. ഇവര്‍ക്കിടയിലേക്കാണ് ഒരു പിടിയാന പെട്ടെന്ന് എത്തിയത്. ഇതോടെ ആളുകള്‍ ചിതറിയോടി. പാടത്തിന് സമീപം റബര്‍തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ഹംസയെ പിടിയാന കുത്തി. സ്ഥലത്ത് നിന്നും ഓടിയ ഇയാള്‍ കുഴിയില്‍ വീഴുകയും ചെയ്തു.
കാളപൂട്ട് കാണാനായി ഓട്ടോയില്‍ വരികയായിരുന്ന അഫ്‌സല്‍ ആനയെ കണ്ട് വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചതോടെ കുട്ടിയാന ഉള്‍പ്പെട്ട കാട്ടാന സംഘം കാട്ടിലേക്ക് കയറുകയായിരുന്നു.
തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. വനപാലകര്‍ സ്ഥലത്തെത്തി. കുട്ടിയാന അടങ്ങുന്ന പത്തംഗ കാട്ടാന സംഘം പ്രദേശത്ത് തമ്പടിക്കുന്നുണ്ട്.ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകള്‍ വീട്ടുവളപ്പിലേക്കും കയറി തുടങ്ങിയതോടെ മുള്‍മുനയിലാണ് കച്ചേരിപ്പറമ്പിലെ ജനജീവിതം. ശക്തമായ പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് ആനക്കൂട്ടം നാട്ടില്‍ തമ്പടിക്കാന്‍ കാരണമാകുന്നത്.
സോളാര്‍ തൂക്കുവേലി സ്ഥാപിക്കുമെന്നതടക്കമുള്ള പ്രതിരോധ നടപടികള്‍ വനംവകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും നാളിതുവരെ നടപടിയായിട്ടില്ല. മലയോര മേഖലയില്‍ കാട്ടാനപ്രശ്‌നം കീറാമുട്ടിയാകുമ്പോള്‍ വനംവകുപ്പും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. മനുഷ്യനു നേരെയും കാട്ടാന ആക്രമണം ഉണ്ടായതോടെ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. സ്ഥലത്തെത്തിയ തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സുനിൽകുമാറിൻ്റെയും ഉദ്യോഗസ്ഥരുടെയും വാഹനം നാട്ടുകാർ തടഞ്ഞു. മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.സുബൈർ സ്ഥലത്തെത്തി പ്രതിഷേധകാരുമായി സംസാരിച്ചു. നാട്ടുകാർ അവരുടെ ആശങ്കയും പ്രതിഷേധവും അറിയിച്ചു. മണ്ണാർക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.