വന്യജീവി സംഘർഷം: മാർഗനിർദേശങ്ങൾ വനം വകുപ്പ് നടപ്പാക്കിയില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: ആനകളുടെ ആക്രമണം കാരണമുണ്ടാകുന്ന മനുഷ്യ- വന്യജീവി സംഘർഷങ്ങൾ കുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വനം വകുപ്പ് ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് സി.എ.ജി റിപ്പോർട്ട്. പ്രതിരോധ സംവിധാനങ്ങൾക്ക് പുറമേ, കുങ്കി ആനകളുടെ സ്ക്വാഡ്, മയക്ക് വെടി വെച്ച് സ്‌ഥലം മാറ്റി പാർപ്പിക്കൽ, എസ്.എം.എസ് ജാഗ്രതാ സംവിധാനം എന്നീ മാർഗങ്ങൾ ഉപയോഗിക്കണമെന്ന മാർഗ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.

2014-ൽ, മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന് ആനകളുടെ സ്‌ക്വാഡുകൾ രൂപീകരിക്കേണ്ടതിൻറെ ആവശ്യകത വകുപ്പ് അംഗീകരിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന ആനകളെ തിരികെ ഓടിക്കാൻ ആവശ്യമായ പരിശീലനം ലഭിച്ച ആനകളാണ് കുങ്കി ആനകൾ. 2017 ആഗസ്‌റ്റിൽ, 10 ആനകളെ ഉൾപ്പെടുത്തി കുങ്കി ആനകളുടെ സ്‌ക്വാഡ് രൂപീകരിക്കാൻ വകുപ്പ് തീരുമാനിച്ചു.

മനുഷ്യ-വന്യജീവി സംഘർഷം കുറക്കാൻ കുങ്കി ആനകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, 2019 ഫെബ്രുവരിയിൽ 20 ആനകളെ കുങ്കി ആനകളായി പരിശീലിപ്പിക്കാൻ തീരുമാനിച്ചു. ഒരു കുങ്കി ആനയെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന കാലയളവ് മൂന്ന് മാസമായിരുന്നു. നിലവിൽ, വകുപ്പിന് 11 കുങ്കി ആനകളുണ്ട്. ഇതിൽ ആറെണ്ണം പരിശീലനത്തിലാണ്. ഒരെണ്ണത്തിന് പരിക്കേറ്റു. അതിനാൽ, ഫലത്തിൽ അവയിൽ നാലെണ്ണം മാത്രമേ കുങ്കി ആനകളായി ഉപയോഗിക്കാൻ യോഗ്യമായിട്ടുള്ളു. പാലക്കാട്, വയനാട് ഡിവിഷനുകളിലാണ് കുങ്കി ആനകളുടെ നിലവിലെ താവളം. അതിനാൽ അവയുടെ സേവനം ഈ ഡിവിഷനുകളിൽ മാത്രമായി പരിമിതപ്പെട്ടുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

2017-ൽ പരിസ്ഥിതി, വനം മന്ത്രാലയം പുറപ്പെടുവിച്ച മനുഷ്യനും-ആനയും തമ്മിലുള്ള സംഘർഷങ്ങളിന്മേലുള്ള മാർഗനിർദേശങ്ങളിൽ പറഞ്ഞിരിക്കുന്നത് പ്രകാരം എസ്.എം.എസ് ജാഗ്രതാ സംവിധാനം തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന് ഫലപ്രദമാണെന്ന് കണ്ടെത്തി. തിരഞ്ഞെടുത്ത എട്ട് വന ഡിവിഷനുകൾക്ക് കീഴിലുള്ള 35 സ്ഥലങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനായി വനംവകുപ്പ് എസ്.എം.എസ് ജാഗ്രതാ സംവിധാനം 2017 മാർച്ചിൽ സ്ഥാപിച്ചു. പരിശോധനയിൽ തിരഞ്ഞെടുത്ത ഡിവിഷനുകളിലൊന്നും സംവിധാനം പ്രവർത്തനക്ഷമമായിരുന്നില്ല.

പ്രശ്നക്കാരായ ആനകളിൽ റേഡിയോ കോളറുകൾ ഘടിപ്പിക്കുന്നതിലും വനംവകുപ്പിന് വാഴ്ച സംഭവിച്ചു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൻറെ 12-ാം വകുപ്പ് പ്രകാരം ഏതെങ്കിലും വന്യമൃഗങ്ങളെ കൊല്ലുകയോ, വിഷം കൊടുക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യാതെ, അവയെ അനുയോജ്യമായ ഒരു ബദൽ ആവാസവ്യവസ്‌ഥയിലേക്ക് മാറ്റാം. വന്യമൃഗങ്ങളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ നിയമം അനുവദിക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൺവീനറും പരിസ്ഥ‌ിതി, വനം മന്ത്രാലയത്തിൻറെ നോമിനിയും ഉൾപ്പെടുന്ന ഒരു വിദഗ്‌ധ സംഘത്തിൻറെ ശുപാർശ പ്രകാരം പ്രശ്‌നക്കാരായ ആനകളെ പിടികൂടുന്നതിന് അനുമതി തേടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പരിസ്‌ഥിതി, വനം മന്ത്രാലയം 2005ൽ പുറപ്പെടുവിച്ചിരുന്നു.

പ്രശ്നക്കാരായ ആനകളെ കണ്ടെത്താനും അവയുടെ നീക്കങ്ങളെക്കുറിച്ച് കർഷകർക്ക് മുന്നറിയിപ്പ് നൽകാനും റേഡിയോ കോളറുകൾ ഉപയോഗിക്കാം. റേഡിയോ കോളറുകൾ ഘടിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിൻറെ മുൻകൂർ അനുമതിയോടെ ആനകളെ പിടികൂടേണ്ടതാണ്. പാലക്കാട് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ പ്രശ്‌നക്കാരായ മൂന്ന് ആനകളെ കണ്ടെത്തുകയും, അവയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള അനുമതിക്കായി അഭ്യർഥിക്കുകയും ചെയ്തു.

2018 ഒക്ടോബറിൽ 5.63 ലക്ഷം രൂപ ചെലവിൽ മൂന്ന് റേഡിയോ കോളറുകൾ വാങ്ങി. ശേഷം 2018 നവംബറിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇതിന് അംഗീകാരം നൽകി. എന്നാൽ നാളിതുവരെ (2023 ജനുവരി), കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിക്കുകയോ റേഡിയോ കോളറുകൾ ഘടിപ്പിക്കുകയോ ചെയ്തിട്ടില്ല.

പ്രശ്നക്കാരായ ആനകളെ പിടികൂടുന്നതിനും റേഡിയോ കോളർ ഘടിപ്പിക്കുന്നതിനും കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടു. പ്രശ്നക്കാരായ മൃഗങ്ങളിൽ സമയബന്ധിതമായി റേഡിയോ കോളർ ഘടിപ്പിക്കുന്നത് അവയുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും അതുവഴി മനുഷ്യ-വന്യജീവി സംഘർഷം കുറക്കാനും സഹായകമായിരുന്നു. നാല് വർഷമായി കേളർ ഉപയോഗശൂന്യമായി കിടന്നു. 2021 ജൂലൈയിൽ വീണ്ടും എട്ട് റേഡിയോ കോളർ കൂടി വാങ്ങാനും തീരുമാനിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

Tags:    
News Summary - Wildlife conflict: Forest department not implementing guidelines, reports say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.