തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട കരിമൽ മാസപ്പടി കേസിൽ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയെ ഇ.ഡി ചോദ്യം ചെയ്തതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയുടെ മുൾമുനയിൽ. കേന്ദ്ര അന്വേഷണ ഏജൻസിയുടെ അടുത്തനീക്കം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വീണയുടെ കമ്പനി എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള കരാറുകളും സാമ്പത്തിക ഇടപാടുകളുമാണ് ഇ.ഡി അന്വേഷിക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുത്തതിനു പിന്നാലെയാണ് കമ്പനി എം.ഡി ശശിധരൻ കർത്തയെ ഇ.ഡി ചോദ്യം ചെയ്തത്.
സ്വാഭാവികമായും ഇ.ഡിയുടെ അടുത്ത നീക്കം വീണയെ ചോദ്യംചെയ്യുക എന്നതാകണം. വീണയെ തേടി ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വീട്ടിലെത്തുമോയെന്നതാണ് ചോദ്യം. പോളിങ്ങിന് ഇനി എട്ടുനാൾ മാത്രമാണ് ബാക്കി. അതിനിടയിൽ ഇ.ഡി സംഘം മകളെ തേടി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയാൽ അത് രാഷ്ട്രീയ കോളിളക്കമായി മാറും. സേവനം ഒന്നും നൽകാതെ സി.എം.ആർ.എല്ലിൽനിന്ന് വീണയുടെ മകളുടെ കമ്പനി വൻതുക കൈപ്പറ്റിയെന്നും മുഖ്യമന്ത്രിക്കുള്ള മാസപ്പടിയാണ് അതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പോളിങ്ങിന് മുമ്പ് ഇ.ഡി അന്വേഷണം വീണയിലേക്ക് എത്തിയാൽ പ്രതിപക്ഷം കാടിളക്കി രംഗത്തിറങ്ങുമെന്നുറപ്പ്.
മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും അതുണ്ടാക്കുന്ന പരിക്ക് ചെറുതാകില്ല. ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നൽകിയ നോട്ടീസിന് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തൽക്കാലം ഒഴിയാൻ ശ്രമിച്ച ശശിധരൻ കർത്തയെ വീട്ടിൽ കയറിയാണ് ഇ.ഡി ബുധനാഴ്ച ചോദ്യം ചെയ്തത്. ഇ.ഡിയുടെ തിടുക്കത്തിലുള്ള നീക്കം വീണയുടെ ചോദ്യം ചെയ്യൽ വൈകില്ലെന്ന സൂചനയായി കാണുന്നവരുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസപ്പടി കേസ് രണ്ടു തവണ പരാമർശിച്ചതും ചേർത്തുവായിക്കുമ്പോൾ വലിയ നീക്കങ്ങൾ പലതും പ്രതീക്ഷിക്കുന്നുണ്ട് സി.പി.എം.
എന്തുണ്ടായാലും നേരിടാനാണ് തീരുമാനം. കേന്ദ്രത്തിന്റെ പ്രതിപക്ഷ വേട്ടയുടെ ഭാഗമായി ഉയർത്തിക്കാട്ടി സഹാനുഭൂതി നേടാനാകും സി.പി.എം ശ്രമിക്കുക. ജയിലിലായിട്ടും ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന അരവിന്ദ് കെജ്രിവാളിനെ ചൂണ്ടി മുഖ്യമന്ത്രിയുടെ രാജി ആവശ്യം നിരാകരിക്കും. കെജ്രിവാളിനെതിരായ ഇ.ഡി നടപടിയെ എതിർക്കുന്ന കോൺഗ്രസ് പിണറായിക്കെതിരെയാകുമ്പോൾ ഇ.ഡിയുടെ ഭാഗം ചേരുന്നതിന്റെ വൈരുധ്യം ഉയർത്തിക്കാട്ടുകയും ചെയ്യും. കെജ്രിവാൾ, പിണറായി കേസുകൾ തീർത്തും വ്യത്യസ്തമെന്ന് വിശദീകരിച്ച് പിണറായിയെ പ്രതിരോധത്തിലാക്കാമെന്ന് കണക്കുകുട്ടുന്ന കോൺഗ്രസ് ഇ.ഡിയുടെ അടുത്ത നീക്കത്തിന് കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.