തിരുവനന്തപുരം: ഫെഡറല്‍ സ്വഭാവങ്ങളുള്ള ഒരു മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യ തുടര്‍ന്നുപോകുമോയെന്ന് ഭയപ്പെടേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എ.എല്‍ ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാത്ത, ഭരണഘടനയെ പരിഹസിക്കുന്ന സംഘ്പരിവാറാണ് ഇന്ന് അധികാരം കൈയാളുന്നത്.
അവരുടെയും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയും, ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള നടപടികളില്‍ നിന്നാണ് രാജ്യത്തിന്റെ ഭാവി സംബന്ധിച്ച ഭയം ഉടലെടുക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഭയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന വേളയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ രാജവാഴ്‌ചയുടെ പ്രതീകമായ ചെങ്കോലിനുപകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടനയായിരുന്നു. പാർലമെന്ററി ജനാധിപത്യ ഭരണഘടനയിലൂടെ നിലവിൽ വന്ന രാജ്യത്തെ പാർലമെന്റിൽ ഭരണഘടനക്കായിരുന്നു പ്രാധാന്യം നൽകേണ്ടിയിരുന്നത്. ഭരണഘടന പ്രകാരം പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉദ്‌ഘാടനച്ചടങ്ങിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. രാജ്യത്തെ ഏത് ദിശയിലേക്കാണ് കൊണ്ടുപോകുന്നതെന്ന സൂചനയാണിത് നൽകുന്നത്. പുതിയ ഇന്ത്യ മതേതരമാകില്ലെന്ന സൂചന ഭയാനകമാണ് -മുഖ്യമന്ത്രി പറഞ്ഞു.
ഐ.എ.എല്‍ ദേശീയ പ്രസിഡന്റ് ആര്‍.എസ്. ചീമ അധ്യക്ഷത വഹിച്ചു. അലഹബാദ് ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, മന്ത്രിമാരായ ജി.ആര്‍. അനില്‍, പി. രാജീവ്, ഐ.എ.എല്‍ ദേശീയ സെക്രട്ടറി അഡ്വ. മുരളീധര, സംസ്ഥാന സെക്രട്ടറി സി.ബി. സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. ജയചന്ദ്രന്‍ സ്വാഗതവും അഡ്വ. പി.എ. അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.