കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ ഇടത് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ച കാരാട്ട് ഫൈസലിനെ അനുനയിപ്പിക്കാന്‍ ഐ.എന്‍.എല്‍. പി.ടി.എ. റഹീം എം.എല്‍.എ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ പിന്മാറുമെന്ന സൂചനകളാണ് ഫൈസല്‍ നല്‍കിയത്. വിമത സ്ഥാനാർഥിയുണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്ന് ചുണ്ടപ്പുറം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഐ.എൻ.എൽ നേതാവുമായ ഒ.പി. റഷീദ് പറഞ്ഞു.
കാരാട്ട് ഫൈസലിന്‍റെ സ്ഥാനാർഥിത്വത്തില്‍ ചുറ്റിക്കറങ്ങുകയാണ് കൊടുവള്ളിയിലെ ഇടത് ക്യാമ്പ്. സ്ഥാനാർഥിയായി ഫൈസലിനെ പ്രഖ്യാപിച്ചതും പിന്‍വലിച്ചതും വിവാദമായതിന് പിന്നാലെ വിമതനായി മത്സരിക്കുമെന്ന ഭീഷണി ഒഴിവാക്കാനാണ് എല്‍.ഡി.എഫിന്‍റെ ഇപ്പോഴത്തെ ശ്രമം.
പി.ടി.എ. റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഫലമുണ്ടാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. വിമതനുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർഥി ഒ.പി. റഷീദ്. കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായ റഷീദ് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിെൻറ സ്ഥാനാർഥിത്വം വിവാദമായ പശ്ചാത്തലത്തിലാണ് ജില്ല കമ്മിറ്റിയുടെ തീരുമാനം. തുടർന്നാണ് വിമതനായി മത്സരിക്കുമെന്ന് ഫൈസൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.