തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ പൂട്ടുമോയെന്നതിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോവിഡ് വിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിൽ എല്ലാവരും പകച്ചുനിന്നപ്പോൾ വീടുകളെ ക്ലാസ് മുറികളാക്കി വിദ്യാർഥികൾക്ക് വിദ്യഭ്യാസം നൽകിയ സംസ്ഥാനമാണ് കേരളം.
ഇന്ത്യയിൽ പൊതുപരീക്ഷ നടത്തിയ ഏക സംസ്ഥാനവും കേരളമാണ്. 47 ലക്ഷത്തോളം വിദ്യാർഥികളും ഒരു ലക്ഷത്തോളം അധ്യാപകരും അടങ്ങുന്ന വലിയ പൊതുവിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലേത്. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്ത് വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം ഉണ്ടായതോടെയാണ് സ്കൂളുകൾ അടക്കുന്നത് സംബന്ധിച്ച് ചർച്ച തുടങ്ങിയത്. കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നിരുന്നു. അതേസമയം, കോവിഡ് പ്രതിരോധത്തിന് ലോക്ഡൗൺ ഏർപ്പെടുത്തേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. കോവിഡിനെ പ്രതിരോധിക്കുമ്പോൾ സമ്പദ്‍വ്യവസ്ഥയും ജനങ്ങളുടെ ജീവനോപാധികളും സംരക്ഷിക്കണം. പ്രാദേശികതലത്തിലാണ് കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതെന്നും മോദി പറഞ്ഞിരുന്നു.
വാക്സിനേഷനാണ് കോവിഡിനെതിരായ ഏറ്റവും നല്ല പ്രതിരോധമാർഗം. ഇപ്പോൾ ഒമിക്രോണിനെ കുറിച്ചുള്ള സംശയങ്ങൾ മാറി. അതിവേഗത്തിൽ ഒമിക്രോൺ പടരുമെന്ന് വ്യക്തമായിട്ടുണ്ട്. ഒമിക്രോണിനെതിരെ മുൻകരുതലെടുക്കുമ്പോൾ മറ്റ് വകഭേദങ്ങളേയും നാം കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.