‘നികുതി അടച്ചില്ലെന്ന് തെളിഞ്ഞാൽ വീണ മാസപ്പടി വാങ്ങിയെന്ന് സി.പി.എം അംഗീകരിക്കുമോ​?’; എ.കെ ബാലനോട് മാത്യു കുഴൽനാടൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ സി.പി.എം നേതാവ് എ.കെ ബാലനോട് മറുചോദ്യവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സേവനത്തിനുള്ള പ്രതിഫലമായാണ് വീണ പണം വാങ്ങിയതെന്ന സി.പി.എം വാദം തെറ്റാണെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന് പാർട്ടി അംഗീകരിക്കുമോ എന്ന് കുഴൽനാടൻ ചോദിച്ചു.

വീണ നികുതി അടച്ചെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമോ എന്ന എ.കെ ബാലന്‍റെ ചോദ്യത്തിനും കുഴൽനാടൻ മറുപടി നൽകി. താൻ തുടക്കക്കാരനായതിനാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നും ആവശ്യമെങ്കിൽ മാപ്പ് പറയുകയോ ആരോപണം പിൻവലിക്കുകയോ ചെയ്യുമെന്ന് കുഴൽനാടൻ വ്യക്തമാക്കി.

സേവനം നൽകിയത് വഴി സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ വിജയനും എക്സാലോജിക്കും നേടിയ 1.72 കോടി രൂപയുടെ ഐ.ജി.എസ്.ടി അടച്ചതായി ഇതുവരെ അറിവില്ല. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം പൊതുസമൂഹത്തോട് ഏറ്റുപറയും.

കർത്തായുടെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണയും കമ്പനിയും വാങ്ങിയ 1.72 കോടി രൂപയതിന് അതാത് നാളുകളിൽ ഫയൽ ചെയ്ത ഇൻവോയ്സും ഐ.ജി.എസ്.ടി രേഖയും പുറത്തുവിടണം. വീണ നികുതി അടച്ചതിന്‍റെ രേഖകൾ പുറത്തുവിടുന്നതിന് നാളെ കൂടി കാത്തിരിക്കും. രേഖകൾ പുറത്തുവിട്ടില്ലെങ്കിൽ താൻ കണ്ടെത്തിയ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്നും കുഴൽനാടൻ പറഞ്ഞു.

മുതിർന്ന നേതാക്കളായ പിണറായി വിജയനും എ.കെ ബാലനും പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് താൻ ആവശ്യപ്പെടില്ല. വീണയുടെ കമ്പനിയും സി.എം.ആർ.എൽ കമ്പനിയും സുതാര്യമായാണ് നടപടികൾ സ്വീകരിച്ചതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അവകാശപ്പെട്ടതെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Will the CPM accept that Veena Vijayan bought the month?'; Mathew Kuzhalnadan to AK Balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.