കഴക്കൂട്ടം: മുൻവിധികളെ അപ്രസക്തമാക്കി വഴുതിമാറുമെന്ന രാഷ്ട്രീയ സവിശേഷതയുള്ള കഴക്കൂട്ടം മണ്ഡലത്തിലെ ജനഹിതം ഒപ്പം നിർത്താൻ വിയർപ്പൊഴുക്കുകയാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ മൂന്ന് മൂന്നണികളും. തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ഉൾപ്പെടുന്നതാണ് കഴക്കൂട്ടം നിയോജകമണ്ഡലം.
കഴക്കൂട്ടം, കാട്ടായിക്കോണം, പൗഡിക്കോണം, ചെല്ലമംഗലം, ചെമ്പഴന്തി, കുളത്തൂർ, പള്ളിത്തുറ, പൗണ്ടുകടവ്, കടകംപള്ളി, അണമുഖം, മെഡിക്കൽകോളജ്, ഇടവക്കോട്, മണ്ണന്തല, ചന്തവിള, ചെറുവയ്ക്കൽ, നാലാഞ്ചിറ, ആക്കുളം, ഉള്ളൂർ, ആറ്റിപ്ര, കരിക്കകം, ശ്രീകാര്യം, ഞാണ്ടൂർക്കോണം എന്നീ വാർഡുകളാണിവ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 22ൽ 14 എണ്ണത്തിൽ എൽ.ഡി.എഫും അഞ്ചെണ്ണത്തിൽ ബി.ജെ.പിയും മൂന്നെണ്ണത്തിൽ യു.ഡി.എഫുമാണ് വിജയിച്ചത്. വോട്ടുകളുടെ എണ്ണത്തിൽ എൽ.ഡി.എഫ് ഒന്നാമതും ബി.ജെ.പി രണ്ടാമതുമാണുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ 48799 വോട്ടുകളാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.എഫിന് 31979 ഉം ബി.ജെ.പിക്ക് 36,309 വോട്ടുമാണ് ലഭിച്ചത്. ഓരോ തെരഞ്ഞെടുപ്പിനും ഓരോ സ്വഭാവമാണെന്നതിനാൽ ഈ വോട്ട് പാറ്റേൺ മാറി മറിയാൻ സാധ്യതയേറെ. ഇതെല്ലാം മുൻകൂട്ടിക്കരുതിയാണ് പ്രചാരണം.
2001ൽ സ്വതന്ത്രനായും 2006 ലും 2011ലും കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ച എം.എ. വാഹിദിനെ വിജയിപ്പിച്ചതോടെ കഴക്കൂട്ടം യു.ഡി.എഫിനെ പിന്തുണക്കുന്ന മണ്ഡലമായി ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, 2016ൽ കടകംപള്ളി സുരേന്ദ്രനിലൂടെ മണ്ഡലം എൽ.ഡി.എഫ് സ്വന്തമാക്കിയതോടെ മണ്ഡലത്തിന്റെ മറ്റൊരു രാഷ്ട്രീയമുഖം വെളിപ്പെട്ടു. 2021 ലും കടകംപള്ളി മണ്ഡലം നിലനിർത്തി.
കഴിഞ്ഞ രണ്ടു തവണയും നിയമസഭയിൽ എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്രമന്ത്രിയെ ഇറക്കി കളം പിടിക്കാനാണ് ബി.ജെ.പി ശ്രമം. ലോക്സഭ തെരഞ്ഞെടുപ്പിൽ പക്ഷേ, യു.ഡി.എഫിനൊപ്പം കൂടുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പനുഭവം. ഈഴവ സമുദായം കൂടുതലുള്ള മണ്ഡലത്തിൽ തൊട്ടുപിന്നിലായി നായർ സമുദായമാണ്. ക്രിസ്ത്യൻ, മുസ്ലിം വോട്ടുബാങ്കുകളും നിർണായകം.
ടെക്നോപാർക്ക് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇൗ മണ്ഡലത്തിൽ പുതിയ വോട്ടർമാർ നിർണായകമായതോടെയാണ് മണ്ഡലത്തിന്റെ സ്വഭാവവും മാറിയത്. പിന്നീട്, നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുമ്പോൾ എൽ.ഡി.എഫിനും ബി.ജെ.പിക്കും മണ്ഡലത്തിൽ നേട്ടം കൈവരിക്കാൻ സാധിച്ചെന്നതും വ്യക്തം. ടെക്നോപാർക്കിലൂടെ ഐ.ടി മേഖലയുടെ വികാസവും അനുബന്ധവ്യവസായങ്ങളും കൊണ്ട് അതിവേഗം വളരുന്ന മേഖലയാണ് കഴക്കൂട്ടം.
പുതിയ വോട്ടർമാരായി ഈ മണ്ഡലത്തിൽ എത്തുന്നവരിൽ നല്ലൊരു ശതമാനവും. മറ്റ് സ്ഥലങ്ങളിൽനിന്ന് വിവിധ ഐ.ടി സ്ഥാപനങ്ങളിൽ ജോലിചെയ്യാനെത്തി ഇവിടെ സ്ഥിരം താമസക്കാരായവരാണ്. ഇവരിൽ ഭൂരിപക്ഷവും യുവാക്കളും. അതായത് പുതിയ വോട്ടർമാർ എങ്ങനെ ചിന്തിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും മണ്ഡലത്തിലെ വിജയക്കാറ്റ്.
തിരുവനന്തപുരം നഗരത്തിൽ ഏറ്റവുമധികം ഫ്ലാറ്റുകളും താമസ സമുച്ചയങ്ങളും കഴക്കൂട്ടത്താണ്. ദേശീയപാതയും അനവധി ജില്ല റോഡുകളും നഗരസഭ റോഡുകളും ഉൾക്കൊള്ളുന്നുണ്ടെങ്കിലും നഗരസഭയുടെ റോഡുകളുടെ സ്ഥിതി ദയനീയമാണ് ഇതെല്ലാം തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയങ്ങളാണ്.
നഗരസഭയോട് കൂട്ടിച്ചേർത്ത കഴക്കൂട്ടം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ളമെത്താത്ത പ്രദേശങ്ങൾ ഇനിയുമുണ്ട്. ജല ജീവൻ മിഷൻ എന്ന് പൂർത്തിയാകുമെന്ന് ആർക്കും ഉറപ്പില്ല. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണമാരംഭിച്ച കഴക്കൂട്ടം-മുട്ടത്തറ സ്വീവേജ് പൈപ്പ് ലൈൻ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്.
രൂപവത്കരണത്തിനുശേഷം കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി സ്വതന്ത്രരുൾപ്പെടെയുള്ളവരുടെ കരങ്ങളിൽ ഭദ്രമായി ഒതുങ്ങിയ ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 1965ൽ കോൺഗ്രസിലെ എൽ. ലക്ഷ്മണനും 1970ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലെ പി. നീലകണ്ഠനും 1977ൽ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറുമാണ് കഴക്കൂട്ടത്തുനിന്ന് നിയമസഭയിലെത്തിയത്.
രാജൻ കേസിൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ രാജിവെക്കേണ്ടിവന്നതിനാൽ പകരം അധികാരമേറ്റ എ.കെ. ആൻറണിയെ 1977ൽ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിച്ചതും കഴക്കൂട്ടമാണ്. അക്കാലയളവിലെ നിയമസഭാംഗമായിരുന്ന തലേക്കുന്നിൽ ബഷീർ രാജിവെച്ചൊഴിഞ്ഞാണ് ആൻറണിക്ക് അവസരമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.