തൃശൂർ: ശൈത്യം വിടവാങ്ങുമ്പോൾ കുതിച്ചുയരുന്ന പകൽചൂടിനൊപ്പം രാത്രി ചൂടും ഏറുന്നതോടെ കേരളം പുതപ്പ് ഒഴിവാക്കുകയാണ്. ഫെബ്രുവരി ഒന്നിന് മൂന്നാറിൽ ചൂട് മൈനസ് ഒന്നിലേക്ക് താഴ്ന്നിരുന്നു. അതേസമയം ഈമാസം പത്തോടെ തണുപ്പ് വിടവാങ്ങുന്നതോടെ പകലിനൊപ്പം രാത്രിയും ചൂടും ഏറാനുള്ള സാധ്യതയാണ് നിഴലിക്കുന്നത്.
ഡിസംബർ മുതൽ ഫെബ്രുവരി വരെ ശൈത്യമാസങ്ങളായാണ് ഗണിക്കുന്നത്. എന്നാൽ ഡിസംബർ തന്നെ ചൂട് കൂടിയ അനുഭവമാണ് ഇക്കുറിയുള്ളത്. ജനുവരിയും സമാനമായിരുന്നു. കഴിഞ്ഞ 20 വർഷം പരിശോധിച്ചാൽ കേരളത്തിൽനിന്ന് തണുപ്പ് അന്യംനിൽക്കുന്ന സ്ഥിതിവിശേഷമാണ് അനുഭവപ്പെടുന്നത്. അതേസമയം, കാലാവസ്ഥ വ്യതിയാന നാളുകളിൽ 2020 ജനുവരിയിലുണ്ടായ അതിശൈത്യം കേരളത്തിന്റെ കലാവസ്ഥ സ്വഭാവത്തിന് പ്രകടമായ മാറ്റമാണ് അനുഭവിപ്പിച്ചത്.
നിലവിൽ പ്രതിദിനം ചൂട് കനക്കുകയാണ്. കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ 37.2 സെന്റിഗ്രേഡ് താപനിലയാണ് മാപിനിയിൽ രേഖപ്പെടുത്തിയത്. വെള്ളാനിക്കരയിൽ 37, കണ്ണൂർ വിമാനത്താവളത്തിൽ 36.4 എന്നിങ്ങനെ കൂടിയ ചൂട് രേഖപ്പെടുത്തി. നേരത്തെ കോട്ടയം അടക്കം പ്രദേശങ്ങളിൽ രണ്ടുവർഷമായി ചൂട് വല്ലാതെ കൂടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോട്ടയത്ത് 35.36 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. നിലവിൽ ചൂടു കൂടിയ സ്ഥലങ്ങൾ ഏറെയും ഇടനാടാണ്. സാധാരണ നിലയിൽ മാർച്ചോടെ രേഖപ്പെടുത്താറുള്ളതിന് സമാനമായ ചൂടാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ രണ്ടുവർഷത്തിന് സമാനമായി ഇക്കുറി ജനുവരിയിൽ മഴ കേരളത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ 105.5 മി.മീ അപൂർവ മഴ അടക്കം ലഭിച്ചിരുന്നു. അതേസമയം നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ നിലക്ക് മഴ ചാറുന്നുണ്ട്. പ്രാദേശികമായ കാരണങ്ങൾ ഒറ്റപ്പെട്ടു ലഭിക്കുന്ന മഴയാണിത്. ഇത് വേനൽമഴയിൽ ഉൾപ്പെടുത്താനാവില്ല. അന്തരീക്ഷം കൂടുതൽ ചൂടുപിടിക്കുന്നതോടെ മാത്രമേ വേനൽമഴ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയുള്ളൂ.
ചൂട് കനക്കുന്നതിനാൽ ഫെബ്രുവരി പകുതിക്ക് ശേഷമോ മാർച്ചിലോ വേനൽമഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. മഴ കിട്ടാതെ വരുന്നത് ചൂട് പാരമ്യത്തിൽ എത്താൻ ഇടയാക്കും. അതേസമയം തിമിർത്തു പെയ്ത തുലാമഴയും ശരാശരി ലഭിച്ച കാലവർഷവും വരൾച്ചയിലേക്ക് കേരളത്തെ തള്ളിവിടാനുള്ള സാധ്യതയില്ല. എന്നാൽ വേനൽമഴ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് നീണ്ടാൽ കാര്യങ്ങൾ തകിടംമറിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.