തിരുവനന്തപുരം: വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമീഷൻ നൽകുക, കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷൻ കടകളടച്ച് വ്യാപാരികൾ 48 മണിക്കൂർ രാപകൽ സമരം ആരംഭിച്ചു.
പാളയം രക്തസാക്ഷിമണ്ഡപത്തിൽ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി ആരംഭിച്ച സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര നിലപാട് എത്ര പ്രതികൂലമായാലും സംസ്ഥാന സർക്കാറിന്റെ പൊതുനിലപാടിൽ നിന്നുകൊണ്ട് വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കണം. അതിൽ ദുരഭിമാനം കാണേണ്ടതില്ല. അതിന് സർക്കാറിൽ സമർദം ചെലുത്താൻ കഴിയാവുന്നതെല്ലാം സി.ഐ.ടി.യു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോഓഡിനേഷൻ ചെയർമാൻ അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂർ, സംയുക്ത റേഷൻ കോഓഡിനേഷൻ രക്ഷാധികാരി അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, പി. അബ്ദുൽ ഹമീദ്, പി. ഉബൈദുല്ല എന്നിവരും സി.കെ. ഹരികൃഷ്ണൻ, അഡ്വ.ജി. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, കെ.ബി. ബിജു, കാടാമ്പുഴ മൂസ, ജി. ശശിധരൻ, സി. മോഹനൻ പിള്ള തുടങ്ങിയവരും പങ്കെടുത്തു.
സമാന ആവശ്യങ്ങൾ ഉന്നയിച്ച് കേരള റേഷൻ എംേപ്ലായീസ് ഫെഡറേഷൻ (കെ.ആർ.ഇ.എഫ്, എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്തു.വർക്കിങ് പ്രസിഡന്റ് അഡ്വ.ആർ. സജിലാൽ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.