ബംഗളൂരു: തൃപ്പൂണിത്തുറയിലെ വിവാദ യോഗകേന്ദ്രത്തിലെ കൊടിയ പീഡനങ്ങൾ തുറന്നുപറഞ്ഞ് ബംഗളൂരുവിലെ െഎ.ടി ജീവനക്കാരിയായ ആന്ധ്ര യുവതിയും. ആന്ധ്ര എലുരു ശ്രീറാം നഗർ സ്വദേശി ഉപേന്ദ്രസിങ്^ ജയന്തി ക്ഷത്രി ദമ്പതികളുടെ മകൾ വന്ദന(27)യാണ് പരാതിയുമായി രംഗത്തെത്തിയത്. 2017 മാർച്ച് 30 മുതൽ മേയ് ഒന്നുവരെ യോഗകേന്ദ്രത്തിൽ തടവിൽ കഴിഞ്ഞ തന്നെ മൃഗീയമായി മർദിച്ചതായും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചശേഷം മോചിപ്പിച്ചതായും വന്ദന പറഞ്ഞു. ഇഷ്ടപ്രകാരമല്ലാത്ത വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് യുവതി ബംഗളൂരു സെക്കൻഡ് അഡീഷനൽ കുടുംബകോടതിയിൽ സെപ്റ്റംബർ ഒന്നിന് കേസ് ഫയൽ ചെയ്തിരുന്നു. ഇൗ ഹരജി നവംബർ ഒമ്പതിന് കോടതി പരിഗണിക്കും. വ്യാഴാഴ്ച രാവിലെ ‘മീഡിയവൺ’ ചാനലാണ് വാർത്ത ആദ്യം പുറത്തുവിട്ടത്.
യോഗകേന്ദ്രത്തിനെതിരെ തൃശൂർ സ്വദേശിനി ഡോ. ശ്വേത പരാതിയുമായി രംഗത്തുവന്നതോടെയാണ് ഇൗ സംഭവം വെളിപ്പെടുത്തുന്നതെന്നും ശ്വേത നേരിട്ട പീഡനങ്ങൾക്ക് താനും ദൃക്സാക്ഷിയാണെന്നും കാണിച്ച് കേരള ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് ഒക്ടോബർ മൂന്നിന് ഇ^മെയിലിൽ കത്ത് നൽകിയിട്ടുണ്ട്. ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ ശ്വേത നൽകിയ പരാതിയിൽ സാക്ഷിയായി തന്നെയും ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ക്രിസ്ത്യൻ യുവാവുമായി പ്രണയത്തിലാവുകയും വിവാഹത്തെ കുറിച്ച് വീട്ടുകാരോട് സൂചിപ്പിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹത്തെ എതിർത്ത മാതാപിതാക്കൾ ഒരു സംഘടന മുഖേനയാണ് തൃപ്പൂണിത്തുറയിലെ കേന്ദ്രത്തെക്കുറിച്ച് അറിഞ്ഞത്. കൊച്ചി കാണാനെന്ന വ്യാജേന വന്ദനയെ കൊണ്ടുപോയ അവർ യോഗകേന്ദ്രത്തിലാക്കി മടങ്ങുകയായിരുന്നു. യോഗ പഠിക്കാനാണ് വന്നതെന്ന് രേഖപ്പെടുത്തിയ കടലാസിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചു. 24 മണിക്കൂറും അടച്ചിട്ട വീട്ടിൽ തടങ്കലിലായിരുന്നു.
ഹിന്ദു യുവാവിനെ വിവാഹം കഴിച്ചാൽ പുറത്തുവിടാമെന്നായിരുന്നു കേന്ദ്രത്തിലെ പ്രധാനിയായ ഗുരുജി പറഞ്ഞത്. ഇത് രക്ഷപ്പെടാനുള്ള അവസരമായി കണ്ട് ആന്ധ്രയിലെ സുഹൃത്തിനെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധിപ്പിച്ചു. ഇയാൾ യുവതിയുടെ തീരുമാനങ്ങൾക്കൊപ്പം നിന്നു. തൊടുപുഴ മഹാദേവ ക്ഷേത്രത്തിൽ മേയ് ഒന്നിന് ഇരുവരും താലി ചാർത്തിയതോടെ യുവതിയെ യോഗകേന്ദ്രത്തിൽനിന്ന് മോചിപ്പിച്ചു. യുവതിയുടെ മാതാപിതാക്കളും യോഗകേന്ദ്രം ജീവനക്കാരുമാണ് വിവാഹത്തിന് സാക്ഷികളായത്. തുടർന്ന് പരസ്പര ധാരണപ്രകാരം യുവതി ജോലിസ്ഥലത്തേക്കും യുവാവ് നാട്ടിലേക്കും മടങ്ങുകയായിരുന്നു.
‘ഇനി എന്തു സംഭവിക്കുമെന്നറിയില്ല; കേസിൽ ഉറച്ചുനിൽക്കും’
ഇഖ്ബാൽ ചേന്നര
ബംഗളൂരു: ‘എെൻറ വിവാഹം രക്ഷപ്പെടാനുള്ള ഒരു നാടകമായിരുന്നെന്ന് ഇപ്പോൾ മാത്രമാണ് എല്ലാവരും അറിയുന്നത്. ഇനി എന്തുസംഭവിക്കുമെന്ന് അറിയില്ല. പക്ഷേ, കേസിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് തീരുമാനം’-പറയുന്നത് വന്ദന. ഇതര മതസ്ഥരെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തതിെൻറ പേരിൽ സംഘ്പരിവാർ ഒത്താശയോടെ നിരവധി പെൺകുട്ടികളെ വീട്ടുതടങ്കലിലാക്കിയ തൃപ്പൂണിത്തുറയിലെ വിവാദ യോഗകേന്ദ്രത്തിലെ മുൻ അന്തേവാസി. തെൻറ ദയനീയ സ്ഥിതി മനസ്സിലാക്കിയ സുഹൃത്തിെൻറ സഹായത്തോടെ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെടാനാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് യോഗകേന്ദ്രത്തിലെ ജീവനക്കാർക്കും മാതാപിതാക്കൾക്കും അറിയുമായിരുന്നില്ലെന്ന് യുവതി ‘മാധ്യമ’ത്തോട് പറഞ്ഞു.
ബംഗളൂരുവിൽ െഎ.ടി കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ക്രിസ്ത്യൻ യുവാവുയുള്ള ബന്ധം എതിർത്ത മാതാപിതാക്കൾ ആന്ധ്രയിലെ തിരുപ്പതിയിൽ ബാങ്ക് മാനേജറായ ഹിന്ദു യുവാവിെൻറ കല്യാണാലോചന കൊണ്ടുവന്നു. ഇരുവരും പരിചയപ്പെെട്ടങ്കിലും യുവതി തനിക്ക് ഒരു പ്രണയമുണ്ടെന്ന് തുറന്നുപറഞ്ഞു. ഇരുവരും പിന്നീട് സുഹൃത്തുക്കളായി തുടരുകയും ചെയ്തു.
വിവാഹാലോചന വേണ്ടെന്നുവെച്ചതോടെ ക്രിസ്ത്യൻ യുവാവുമായുള്ള ബന്ധം തുടരാതിരിക്കാൻ മാതാപിതാക്കളും യുവതിയുടെ ജോലിസ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. മൂന്നുമാസത്തെ പരിശീലനത്തിെൻറ ഭാഗമായി ചെെന്നെയിലേക്ക് പോയപ്പോഴും കുടുംബം കൂടെയുണ്ടായിരുന്നു. ഒാഫിസിലേക്കുള്ള വരവും പോക്കും പിതാവിെൻറ മേൽനോട്ടത്തിലായിരുന്നു. ഇവിടെനിന്നാണ് മാർച്ച് 29ന് കൊച്ചിയിലേക്ക് പോയത്. പിറ്റേദിവസം മുതൽ അവിടെ തടങ്കലിലായിരുന്നു.
ഹിന്ദു യുവാവിനെ വിവാഹം കഴിച്ചാൽ മാത്രമേ ആ പീഡനകേന്ദ്രത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയൂ എന്ന് മനസ്സിലാക്കിയപ്പോഴാണ് ആന്ധ്രയിലെ സുഹൃത്തിനെ ബന്ധപ്പെട്ടത്. മാതാപിതാക്കളെ അറിയിക്കാതെയായിരുന്നു അയാൾ വന്നത്. വിവാഹം കഴിഞ്ഞ് അയാൾ മടങ്ങുകയും ചെയ്തു. ഞങ്ങൾ ചെന്നൈയിലേക്ക് പോയി. മുടങ്ങിയ പരിശീലനം പൂർത്തിയാക്കി ജൂലൈയിലാണ് ബംഗളൂരുവിലേക്ക് വന്നത്.
തെൻറ വിവാഹവുമായി ബന്ധപ്പെട്ട നിയമനടപടികൾ അവസാനിപ്പിച്ച ശേഷം യോഗ കേന്ദ്രത്തിലെ പീഡനങ്ങൾക്കെതിരെ പരാതി നൽകാനായിരുന്നു ഉദ്ദേശിച്ചത്. ഇതിനായി ബംഗളൂരുവിൽ അഭിഭാഷകനെ കണ്ട് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചശേഷം സെപ്റ്റംബർ ഒന്നിന് കുടുംബകോടതിയിൽ ഹരജി ഫയൽചെയ്യുകയായിരുന്നു. എന്നാൽ, മാധ്യമങ്ങളിലൂടെ േഡാ. ശ്വേതയുടെ വിവരമറിഞ്ഞതോടെ അവർക്ക് പിന്തുണ നൽകാനാണ് സാക്ഷിയായി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും കഴിഞ്ഞദിവസം പരാതി നൽകിയതെന്നും വന്ദന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.