കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് കുത്തിവെച്ചയുടൻ രോഗി മരിച്ചു. 21ാം വാർഡിൽ ചികിത്സയിലായിരുന്ന തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധുവാണ് (45) മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറോടെയാണ് സംഭവം. നഴ്സ് മരുന്നു മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് രഘുവിന്റെ പരാതിയിൽ നഴ്സിനെതിരെ അശ്രദ്ധമായ പ്രവൃത്തിമൂലമുണ്ടായ മരണത്തിന് പൊലീസ് കേസെടുത്തു.
ബുധനാഴ്ചയാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയെ തുടർന്ന് കൂടരഞ്ഞിയിലെ ആരോഗ്യകേന്ദ്രത്തിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായിരുന്നു. വാതസംബന്ധമായ അസുഖത്തിനും പനിക്കുമുള്ള മരുന്നാണ് ഇവർക്ക് കുത്തിവെച്ചതെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്ന് മാറിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം പറയാനാവൂ എന്നും അധികൃതർ വ്യക്തമാക്കി. ഈ മരുന്നിന്റെ ആദ്യഡോസ് ബുധനാഴ്ച രാത്രി നൽകിയിരുന്നു.
വ്യാഴാഴ്ച രാവിലെ കുത്തിവെച്ചയുടൻ സിന്ധുവിന് വിറയലുണ്ടാവുകയും മുഖം നീലവർണമാവുകയുമായിരുന്നുവെന്ന് ഭർത്താവ് രഘു പറഞ്ഞു. മരുന്ന് മെഡിക്കൽ കോളജ് ഫാർമസിയിൽനിന്ന് എടുത്തതാണ്. ഫോണിൽ സംസാരിച്ചുകൊണ്ടാണ് നഴ്സ് മരുന്ന് കുത്തിവെച്ചതെന്നും തലേദിവസം നൽകിയ മരുന്നല്ല ഇതെന്നും താൻ അടുത്തുള്ളപ്പോഴാണ് മരുന്ന് കുത്തിവെച്ചതെന്നും രഘു ആരോപിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ചയുടൻ നഴ്സിനോട് വിവരം പറഞ്ഞിരുന്നു.
അത് സ്വാഭാവികമാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് രോഗിയുടെ നാവ് തളരുകയും കുഴഞ്ഞുപോവുകയുമായിരുന്നു. ഡോക്ടർ എത്തിയാണ് മരണം സ്ഥിരീകരിച്ചത്. നഴ്സിന്റെ അനാസ്ഥക്കെതിരെ വാർഡിലുണ്ടായിരുന്നവർ ബഹളം വെച്ചു. മരുന്നു മാറി എന്ന് പരാതി പറഞ്ഞപ്പോൾ ഡോക്ടർ മൗനം പാലിക്കുകയായിരുന്നുവന്നും പോസ്റ്റ്മോർട്ടം കഴിയട്ടെ എന്ന മറുപടി മാത്രമാണ് പറഞ്ഞതെന്നും രഘു അറിയിച്ചു. അസി. പൊലീസ് കമീഷണർ കെ. സുദർശനനാണ് കേസന്വേഷിക്കുന്നത്. പൊലീസ് രഘുവിൽനിന്ന് വിശദമായ മൊഴിയെടുത്തു. ഉച്ചക്ക് മൂന്നോടെ മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകീട്ട് മുക്കത്തെ ശ്മശാനത്തിൽ സംസ്കരിച്ചു. ദേവിക, രാഹുൽ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.