തിരുവല്ല: ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചതിനെ ചൊല്ലി സഹയാത്രികയോട് ചൂടായ വനിതാ ഡോക്ടർ, വിവരമറിഞ്ഞെത്തിയ പൊലീസുകാരന്റെ മൊബൈൽ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ്. ബെറ്റിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസിൽ ശാസ്താംകോട്ടക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം. കമ്പാർട്ട്മെന്റിൽ ഒപ്പം സഞ്ചരിച്ചിരുന്ന സഹയാത്രികരിൽ ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. യാത്രക്കാരിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമവും നടത്തി. ഇതോടെ മറ്റ് യാത്രക്കാരും സംഭവത്തിൽ ഇടപെട്ടു. അപമര്യാദയായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയെ തുടർന്ന് രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബെറ്റിയെ മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇവർക്കുനെരെയും കൈയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ ഡോക്ടർ ഫോൺ ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്ത ബെറ്റിയെ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസെടുത്ത ബെറ്റിയെ ഭർത്താവിന്റെയും സഹോദരന്റെയും ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.