സൈബർ തട്ടിപ്പിൽ യുവതിക്ക് ഒമ്പതര ലക്ഷം നഷ്ടമായി; ഉടൻ 1930ൽ വിളിച്ചു, മുഴുവൻ തുകയും തിരിച്ചുപിടിച്ചു

തൃശൂർ: കുരിയച്ചിറ സ്വദേശിയായ യുവതിയെ ഫോണിൽ വിളിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് സൈബർ തട്ടിപ്പുകാർ 9,50,000 രൂപ തട്ടി. ഉടൻ തട്ടിപ്പ് മനസിലാക്കിയ യുവതി സൈബർ ഫിനാൻഷ്യൽ ക്രൈം ഹെൽപ്പ് ഡെസ്ക്ക് നമ്പർ ആയ 1930ൽ വിളിച്ച് റിപ്പോർട്ട് ചെയ്തതോടെ തട്ടിപ്പുകാരുടെ അക്കൌണ്ട് മരവിപ്പിച്ചതു മൂലം യുവതിക്ക് മുഴുവൻ പണവും തിരിച്ചു കിട്ടി.

കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. ഡൽഹി കസ്റ്റംസിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങൾ മലേഷ്യയിലേക്ക് അയച്ച പാഴ്സലിൽ നിയമ വരുദ്ധമായ ചില വസ്തുക്കൾ ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റും പറഞ്ഞ് സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തുകയും പിന്നീട് പണം തട്ടിയെടുക്കുകയായിരുന്നു. സൈബർ തട്ടിപ്പിൽ പണം നഷ്ടപെട്ടാൽ ഉടൻ 1930 എന്ന നമ്പരിലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് അറിയുന്ന യുവതി അപ്പോൾതന്നെ സൈബർ ക്രൈം ഹെൽപ്പ് ഡെസ്ക്കിലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യുകയും അതിനുശേഷശം തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുടെ ഫ്രീസ് ചെയ്ത അക്കൗണ്ടിൽ നിന്നും മുഴുവൻ പണവും തിരിച്ചെടുക്കാൻ സാധിച്ചു. 

സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് 1930 എന്ന നമ്പരിലേക്ക് വിളിക്കാതിരുന്നവർക്കും ഏറെ വൈകി വിളിച്ചവർക്കും അക്കൗണ്ട് ഫ്രീസ് ചെയ്ത് പണം തിരികെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും അതിനാൽ സൈബർ ഫ്രോഡുകളുടെ ഇരയായി പണം നഷ്ടപ്പെട്ടാൽ ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പരിൽ വിളിക്കണമെന്നും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ്. സുധീഷ്കുമാർ അറിയിച്ചു.

ഒരു അന്വേഷണ ഉദ്യോഗസ്ഥനും കേസിൻ്റെ പരിശോധനക്ക് പണം അയക്കാൻ ആവശ്യപ്പെടില്ല. സൈബർ ഫ്രോഡുകളുടെ തട്ടിപ്പുകളിൽ ഉൾപ്പെടാതിരിക്കാനുള്ള സുരക്ഷ മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും അത്യാവശ്യമാണ്. അപരിചിതരുടെ കോളുകളിൽ സംശയം തോന്നിയാൽ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് എമർജൻസി നമ്പരായ 112ൽ വിളിച്ച് ഉറപ്പുവരുത്തണം.

കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം നൽകുന്ന സുരക്ഷ നിർദ്ദേശങ്ങൾ അവഗണിക്കരുത്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഒ.ടി.പി, സാമ്പത്തിക സ്വകാര്യ വിവരങ്ങൾ എന്നിവ ഷെയർ ചെയ്യരുത്. അനാവശ്യ ലിങ്കുകൾ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്. അപരിചിതരുടെ വിഡിയോ കോളുകളോട് പ്രതികരിക്കരുത്. സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ സൈബർ ക്രൈം പോർട്ടലിൽ (http://www.cybercrime.gov.in) റിപ്പോർട്ട് ചെയ്യുകയോ ഹെൽപ്പ് ലൈൻ നമ്പർ - 1930ൽ ഡയൽ ചെയ്യുകയോ വേണം. 

Tags:    
News Summary - woman lost 9.5 lakhs in cyber fraud; Immediately called 1930 and got full money back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.