തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് കേരള വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണിതെന്നും സതീദേവി പറഞ്ഞു.
സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുെവച്ചുകൊണ്ടാണ് ചലച്ചിത്രമേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരംതന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇത് കാണുന്നതിനുപകരം അവഹേളിച്ചുകൊണ്ട് പ്രസ്താവന നടത്തിയത് അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണെന്നും സതീദേവി പറഞ്ഞു.
ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ പെൺരൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം. ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും -എന്നിങ്ങനെയായിരുന്നു അലന്‍സിയറിന്‍റെ പരാമർശം.
അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നാണ് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചത്. ഒരിക്കലും അത്തരം ഒരു വേദിയിൽ നടത്താൻ പാടില്ലാത്ത പരാമർശമാണതെന്നും ആർ. ബിന്ദു ചൂണ്ടിക്കാട്ടി.
താൻ ആ വേദിയിലോ സദസിലോ ഉണ്ടായിരുന്നെങ്കിൽ അലൻസിയറിന്റെ കരണത്ത് അടിച്ചേനെയെന്ന് തിരക്കഥാകൃത്ത് മനോജ് രാംസിങ് പറഞ്ഞു. പോയി വല്ല മനശാത്ര കൗണ്‍സിലിങ്ങിന് ചേരാനും മനോജ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.