കോഴിക്കോട്: സ്കൂൾ കുട്ടികളെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് കർശന നടപടിയെടുക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് പ്രസിഡന്‍റ് ജബീന ഇർഷാദ്. സഹപാഠിയായ ആൺകുട്ടി സൗഹൃദം സ്ഥാപിച്ച് മയക്കുമരുന്നിനടിമയാക്കി നിരന്തര ലൈംഗികപീഡനം നടത്തിയെന്ന കണ്ണൂരിലെ ഒമ്പതാം ക്ലാസുകാരി പെൺകുട്ടിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. നിരവധി പെൺകുട്ടികൾ ലഹരി മാഫിയയുടെ വലയിൽ വീണിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു.
പെൺകുട്ടിക്കും കുടുംബത്തിനും ലഹരി മാഫിയയുടെ ഭീഷണി ഉണ്ടെന്നാണ് മനസിലാകുന്നത്. അവരുടെ സുരക്ഷ പൊലീസ് ഉറപ്പ് വരുത്തണം. ഈ കേസിലെ ആൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയാൽ ലഹരി മാഫിയയെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കും. അഭ്യന്തര വകുപ്പ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ രാഷ്ട്രീയ സ്വാധീനം നോക്കാതെ പിടികൂടി ശിക്ഷിക്കണം.
നിരവധി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും അധികൃതരുടെ നിസംഗ സമീപനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സ്കൂളും പരിസരവും ലഹരി മാഫിയയുടെ സ്വാധീനമില്ലെന്ന് ഉറപ്പ് വരുത്താൻ സ്കൂൾ അധികൃതരും ശ്രദ്ധിക്കണം. തലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ സമൂഹവും ജാഗ്രത പുലർത്തണമെന്നും ജബീന ഇർഷാദ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.