ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ നാളെ വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് പെൺപോരാട്ട പ്രതിജ്ഞ

എറണാകുളം: ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ നാളെ സംസ്ഥാനത്തുടനീളമുള്ള കവലകളിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് പെൺപോരാട്ട പ്രതിജ്ഞ സംഘടിപ്പിക്കും.

സംഘ്പരിവാർ ഗുജറാത്തിൽ പരീക്ഷിച്ച വംശീയ ഉന്മൂലനം ഇന്ത്യയിലാകെ വ്യാപിപ്പിക്കുമെന്നതിന്‍റെ മുന്നറിയിപ്പുകളാണ് യു.പിയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ദലിത് അതിക്രമങ്ങളും ബലാത്സംഗക്കൊലകളുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. കത്വയിലും ഉന്നാവിലും നടത്തിയ ജാതിബലാത്സംഗക്കൊലയാണ് ഹാഥറസിലും ആവർത്തിച്ചത്. ഇത്തരം ബലാത്സംഗങ്ങളെയും കൊലകളെയും കേവല പീഡനങ്ങളുടെ പട്ടികയിൽ പെടുത്താനാവില്ല.

സർക്കാർ സംവിധാനങ്ങൾ ഇരകളുടെ നീതി നിഷേധിക്കുകയും പ്രതികൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന പ്രവണതകൾ ഗുജറാത്തിലും യു.പിയിലും കശ്മീരിലെ കത്വയിലും ആവർത്തിക്കുന്നത് ബലാത്സംഗത്തെ സംഘ്പരിവാർ ആയുധമാക്കുന്നതിനെ ഊട്ടിയുറപ്പിക്കുന്നതാണ്. സവർണ വംശീയ രാഷ്ട്രീയത്തെ അഡ്രസ് ചെയ്ത്കൊണ്ടുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെയല്ലാതെ സാമൂഹിക നീതി സ്ഥാപിക്കുവാനാവുകില്ല.

ദലിതർക്കെതിരായ അതിക്രമങ്ങളിൽ മുന്നിൽ നിൽക്കുന്നത് യു.പിയാണ്. ദലിത് സ്ത്രീകൾക്കെതിരായ പീഡനത്തിൽ ദേശീയ തലത്തിൽ 7.3 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. യോഗി അധികാരത്തിൽ വന്നതിനു ശേഷം ബലാത്സംഗത്തിൽ ഇരുപത് ശതമാനം വർധനവാണ് യു.പിയിലുണ്ടായിരിക്കുന്നത്.

സ്ത്രീവിരുദ്ധമായ ജാതിമേധാവിത്വ രാഷ്ട്രസങ്കൽപം വെച്ചുപുലർത്തുന്ന സംഘ്പരിവാർ, ബലാത്സംഗത്തെ വംശഹത്യയുടെ ആയുധമായിക്കാണുന്ന രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്. ഹാഥറസ് ഒരു സൂചകമാണ്. സ്റ്റേറ്റും ക്രിമിനലുകളും ഒന്നാകുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹാഥറസിലെ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന ഫോറൻസിക് റിപ്പോർട്ടിനെ ചോദ്യംചെയ്ത ഡോക്ടർമാർക്കെതിരെ നടപടിയെടുത്ത വാർത്ത ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.

ജനാധിപത്യപരമായ പെൺപോരാട്ടത്തിൽ അടിയുറച്ചുനിൽക്കുവാനുള്ള പ്രതിജ്ഞ ഏറ്റവും പ്രസക്തമായ കാലത്ത്, ജനാധിപത്യപരവും സമാധാനപരവും ഭരണഘടനാമൂല്യങ്ങൾ ഉയർത്തുന്നതും രാഷ്ട്ര പുനർനിർമാണത്തിനാവശ്യമായതുമായ പോരാട്ടങ്ങളിൽ അടിയുറച്ചു നിൽക്കുവാനുള്ള പ്രതിജ്ഞ ഇരകളാക്കപ്പെടുന്നവരോടും അടിച്ചമർത്തപ്പെടുന്നവരോടുമുള്ള ബാധ്യതയും മനുഷ്യാവകാശത്തിന്‍റെ പൂർത്തീകരണവുമാണ്. സ്ത്രീ അതിക്രമങ്ങളെക്കുറിച്ച കൊളാഷ്, പോരാട്ട ഗാനം തുടങ്ങി വിവിധ ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്കാരങ്ങളും പരിപാടിയുടെ അനുബന്ധമായി ഉണ്ടാകും. സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പോരാട്ട പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം നിർവഹിക്കും.

എല്ലാ ജില്ലകളിലും നിരവധി കവലകൾ പെൺപോരാട്ട പ്രതിജ്ഞക്ക് സാക്ഷിയാകുമെന്നും അസൂറ ടീച്ചർ (വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി), ആബിദ വൈപ്പിൻ (വിമൻ ജസ്റ്റിസ് എറണാകുളം ജില്ല പ്രസിഡൻറ്), രമണി കൃഷ്ണൻകുട്ടി (വിമൻ ജസ്റ്റിസ് എറണാകുളം ജില്ല ജന. സെക്രട്ടറി) എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - women justice movement protest programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.