കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്ത്രീകള്‍ക്കുമാത്രം രണ്ടുദിവസം ദർശനം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സർക്കാർ ഹൈകോടതിയിൽ. വ്രതമെടുത്ത് കാത്തിരുന്നിട്ടും അക്രമംമൂലം മല ചവിട്ടാന്‍ ആവുന്നില്ലെന്ന് കാണിച്ച് കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷാനില സജീഷ്, വി.ബി. ധന്യ, എം. സൂര്യ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകള്‍ ശബരിമലയില്‍ വരുമ്പോള്‍ പുരുഷഭക്തന്മാരുടെ വ്രതം മുടങ്ങുമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകസമയം നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണെന്ന് സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി.സുപ്രീംകോടതി വിധിക്കുശേഷം മല ചവിട്ടാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ തടഞ്ഞതായി ഹരജിക്കാര്‍ അറിയിച്ചു. വീടുകള്‍ ആക്രമിക്കപ്പെട്ടു. വ്രതമെടുത്തിരിക്കുമ്പോള്‍പോലും ആക്രമിക്കപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
വ്രതമെടുത്തവര്‍ ആക്രമിക്കപ്പെട്ടോയെന്ന് കോടതി ചോദിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടും സംരക്ഷണം ലഭിക്കുന്നില്ല. ശബരിമലയില്‍ പോകാന്‍ പൊലീസ് സംരക്ഷണം മാത്രം പോര. തീർഥാടനം നല്ലരീതിയില്‍ നടക്കാന്‍ രണ്ടുദിവസം സ്ത്രീകള്‍ക്കുമാത്രമായി നല്‍കുകയും വേണം. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം നല്‍കുമ്പോള്‍ ക്ഷേത്രപരിസരത്തുനിന്നും സമീപത്തെ ടൗണുകളില്‍നിന്നും ക്രിമിനലുകളെ മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്ത് അടിസ്ഥാനസൗകര്യവും സുരക്ഷയുമാണ് പുതിയ വിഭാഗം ഭക്തര്‍ക്ക് ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആരാഞ്ഞു. പുതിയ വിഭാഗം ഭക്തര്‍ക്ക് പ്രത്യേക ക്യൂ, സമയം എന്നിവ വേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കാന്‍ കൂടുതൽ സമയം തേടി സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. സുപ്രീംകോടതി വിധി അന്തിമമായാല്‍ പിന്നെ സൗകര്യം ഒരുക്കേണ്ടിവരില്ലെ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.
പുരുഷന്മാരെ മൊത്തത്തില്‍ ഒഴിവാക്കി സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടോയെന്ന് കോടതി ചോദിച്ചു. വിവിധ കക്ഷികളില്‍ തമ്മിെല യുദ്ധത്തിലേക്ക് ദൈവത്തെ വലിച്ചിഴക്കരുത്. ഒരുകൂട്ടരുടെ ആരാധനസ്വാതന്ത്ര്യമെന്ന ഭരണഘടനപരമായ അവകാശം നടപ്പാകുമ്പോള്‍ മറ്റൊരു കൂട്ടരുടെ ആരാധനസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. രണ്ട് മൗലികാവകാശങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഐക്യത്തിെൻറ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.