പത്തനംതിട്ട: പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്ന് പരിഗണിച്ചാണ് നടപടി. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിത കമീഷൻ നിർദേശം നൽകി.
കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്നേഹയെ(24)യാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊല്ലാന്‍ ശ്രമിച്ചത്. നഴ്സ് വേഷത്തിൽ എത്തിയായിരുന്നു വധശ്രമം. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്‌നേഹയെ വായു നിറച്ച സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി.
അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അരുണിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അരുണിനെ കേസിൽ പ്രതിയാക്കത്തക്ക തെളിവുകൾ ഒന്നും ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അരുണിന്റെയും അനുഷയുടേയും ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുമ്പോൾ കേസ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അനുഷയെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.