തിരുവനന്തപുരം: വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജാഗ്രതാസമിതി അംഗങ്ങള്‍ക്ക് കേരള വനിതാ കമീഷന്‍ നല്‍കുന്ന പരിശീലനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്തു.
അതോടൊപ്പം മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ സുരക്ഷക്കായി ആരംഭിച്ച പുതിയ ഹെല്പ് ലൈന്‍ നമ്പറിന്റെ പ്രകാശനവും അഡ്വ. പി.സതീദേവി നിര്‍വഹിച്ചു. മന്ത്രവാദം പോലുള്ള ദുരചാരങ്ങളുടെ പേരില്‍ സ്ത്രീകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന രീതിയിലുള്ള സംഭവങ്ങളും ഈ അടുത്തകാലത്തായി വര്‍ധിച്ചുവരുന്നുണ്ടെന്ന് അഡ്വ.പി.സതീദേവി പറഞ്ഞു.
വയനാട് ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരില്‍ 19 വയസുമാത്രം പ്രായമുള്ള യുവതിയെ ഭര്‍തൃവീട്ടില്‍ വെച്ച് ഉപദ്രവിച്ചതായുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇതിനു തടയിടാന്‍ ജാഗ്രതാസമിതികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ഗാര്‍ഹിക ചുറ്റുപാടുകളിലും പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്രചെയ്യുന്ന വേളകളിലും എല്ലാം തന്നെ സ്ത്രീകള്‍ക്ക് ഒട്ടനവധി മോശം സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായി വരുന്നു. ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടാല്‍ മാത്രമേ പ്രതിരോധം സാധിക്കുകയുള്ളൂ എന്നും വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു.
ആദ്യമായാണ് ഒരു പഞ്ചായത്ത് ജാഗ്രതാ സമിതിയില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍ നിര്‍ത്തിക്കൊണ്ട് അവരുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാന്‍ വേണ്ടി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നിലവില്‍ വരുന്നത്. ഈ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പൊതു ഇടങ്ങളെല്ലാം തന്നെ പോസ്റ്റര്‍ ക്യാമ്പയിനായി ഏറ്റെടുക്കാനാണ് മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതി തീരുമാനിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം 144 ജാഗ്രതാ സമിതി പരിശീലന പരിപാടികളാണ് സംസ്ഥാനത്തുടനീളം കേരള വനിതാ കമീഷന്‍ സംഘടിപ്പിക്കുന്നത്. അതോടൊപ്പം മികച്ച മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതികള്‍ക്ക് 50,000 രൂപയുടെ പുരസ്‌കാരവും നല്‍കും. എം.എല്‍എ. ഒ.എസ്.അംബിക അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.