കൊച്ചി: പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച വിവാദ ഉത്തരവ് ഇറക്കുന്നതിനുമുമ്പ് നിയമോപദേശം തേടിയില്ലെന്ന് റവന്യൂ വകുപ്പ്.
ഇക്കാര്യത്തിൽ ഉത്തരവ് ഇറക്കുന്നതിനുമുമ്പ് മന്ത്രിസഭയോഗത്തിെൻറ പരിഗണനക്ക് ഫയൽ സമർപ്പിച്ചിട്ടില്ലെന്നും വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ വകുപ്പ് വ്യക്തമാക്കി.
മുൻ യു.ഡി.എഫ് സർക്കാറിെൻറ അവസാനകാലത്തെ വിവാദമായ ഉത്തരവുകളെല്ലാം മന്ത്രിസഭയോഗത്തിെൻറ അനുമതിയോടെയായിരുന്നു. ഫയലുകളെല്ലാം മന്ത്രിസഭയോഗത്തിൽ എത്തിയിരുന്നു. റവന്യൂ-വനം മന്ത്രിമാർ ഉറച്ച നിലപാട് സ്വീകരിച്ചതിനാലാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് പട്ടയഭൂമിയിൽ കിളിർത്തതും വെച്ചുപിടിപ്പിച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ ഉത്തരവിറക്കിയതെന്നാണ് ഫയലുകൾ വ്യക്തമാക്കുന്നത്.
പട്ടയഭൂമിയിലെ മരം മുറിക്കാൻ 2017 ആഗസ്റ്റ് 17ലെ വിജ്ഞാപനത്തിൽ 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് മുൻ റവന്യൂമന്ത്രി നിരവധി തവണ പ്രസ്താവിച്ചിരുന്നു. ഭേദഗതിയിലൂടെ പട്ടയം ലഭിച്ചശേഷം കര്‍ഷകര്‍ നട്ടുവളര്‍ത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കര്‍ഷകനാണെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയെന്ന് മുൻ വനംമന്ത്രി നിയമസഭയിലും മറുപടി നൽകി.
എന്നാൽ, ഭൂമി പതിച്ചുനല്കുമ്പോള് പട്ടയഭൂമിയില്‍ ഉണ്ടായിരുന്ന ചന്ദനം, ഈട്ടി, തേക്ക്, എബണി മരങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന് മുൻ റവന്യൂ സെക്രട്ടറി ഡോ. വേണുവിെൻറ സര്‍ക്കുലറിലോ ഇപ്പോഴത്തെ റവന്യൂ സെക്രട്ടറി ഡോ. എ. ജയതിലകിെൻറ ഉത്തരവിലോ പ്രത്യേകം രേഖപ്പെടുത്തിയില്ല. ഭൂമി പതിച്ചുനൽകുന്ന സാധാരണ ഉത്തരവുകളിൽ ഈ വ്യവസ്ഥകളുണ്ട്. എന്നാൽ, പട്ടയഭൂമിയിലെ മരം മുറിക്കുന്നതിന് വ്യവസ്ഥയില്ലാതെയാണ് ഉത്തരവിറക്കിയത്.
കർഷകരുടെ കുടുംബത്തിലെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നിയമം അനുവദിക്കുന്ന മരങ്ങള്‍പോലും മുറിക്കുന്നത് ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തുന്നു എന്ന ആരോപണം കര്‍ഷക സംഘടനകള്‍ ഉന്നയിച്ചതിനാലാണ് ഉത്തരവിറക്കിയതെന്നാണ് മുൻ റവന്യൂമന്ത്രി നൽകുന്ന മറുപടി.
തിരുവനന്തപുരം: വിവാദ ഉത്തരവിെൻറ മറവിൽ ഒമ്പത് ജില്ലകളിൽ വ്യാപകമായി മരം മുറിച്ചതായി ജില്ല കലക്ടർമാരുടെ റിപ്പോർട്ട്. വില്ലേജ് ഓഫിസർമാരിൽനിന്ന് ലഭിച്ച വിവരങ്ങൾ ഏകോപിപ്പിച്ചാണ് കലക്ടർമാർ ലാൻഡ് റവന്യൂ കമീഷണർക്ക് റിപ്പോർട്ട് നൽകിയത്. മറ്റ് രേഖകളുടെ കൂടി അടിസ്ഥാനത്തിൽ റിപ്പോർട്ട് പരിശോധിച്ച് തെറ്റുകളും കുറവുകളും കണ്ടുപിടിക്കാൻ ഓരോ ജില്ലകളിലും ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തി. ആവശ്യമെങ്കിൽ മരംമുറിക്കൽ നടന്ന വില്ലേജുകൾ സന്ദർശിക്കും. കൊല്ലത്തെ റിപ്പോർട്ടാണ് അവസാനം ലഭിച്ചത്.
ഇവയുടെ ക്രോസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക. ഇതിനിടെ വനം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. വനഭൂമിയിൽനിന്ന് 14 കോടിയോളം രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചെന്നാണ് വനം വിജിലൻസ് കണ്ടെത്തൽ. റവന്യൂവകുപ്പ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പട്ടയഭൂമിയിലെ മരംമുറിക്കാൻ വില്ലേജ് ഓഫിസർമാർ നൽകിയ എൻ.ഒ.സിയും അതത് വില്ലേജുകളിലെ ട്രീ രജിസ്റ്ററുകളും സൈറ്റുകളിൽ പോയി മരങ്ങളും പരിശോധിച്ച് റിപ്പോർട്ട് ശരിയാണോ എന്ന് പരിശോധിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പെർമിറ്റുകളും പരിശോധിക്കും.
2020 ഒക്ടോബർ 20നാണ് റവന്യൂവകുപ്പ് വിവാദ ഉത്തരവ് ഇറക്കിയത്. വിവാദമായതോടെ ഫെബ്രുവരിയിൽ പിൻവലിച്ചു. അതിനിടെ കോടിക്കണക്കിന് രൂപ വില വരുന്ന മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. വനം വകുപ്പും പൊലീസും റവന്യൂവകുപ്പും ചേർന്ന് സംയുക്ത അന്വേഷണവും നടക്കുന്നുണ്ട്.
റവന്യൂ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും –മന്ത്രി
തിരുവനന്തപുരം: റവന്യൂവകുപ്പിലെ വിജിലൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ പുനഃസംഘടിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി കെ. രാജൻ നിർദേശം നൽകി. റവന്യൂ വിജിലൻസ് മേധാവികളുടെ യോഗത്തിലാണ് വിജിലൻസ് വിഭാഗത്തിെൻറ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ശക്തവും ആക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് മന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.