ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളംതെറ്റിയതിനെത്തുടർന്നുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയായി. എറണാകുളം-അങ്കമാലി ട്രാക്കിലൂടെ വെള്ളിയാഴ്ച രാത്രി 7.15ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ആന്ധ്രയിൽനിന്ന് സിമന്റുമായി വന്ന ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ പാളംതെറ്റിയത്.
വെള്ളിയാഴ്ച ഉച്ചയോടെ ഇരുദിശകളിലേക്കുമുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയിലായിരുന്നു റെയിൽവേ അധികൃതർ. എന്നാൽ, ബോഗികൾ മുറിച്ചുമാറ്റൽ നീണ്ടുപോയതിനാൽ സാധിച്ചില്ല. വൈകീട്ട് നാലരയോടെയാണ് ബോഗികൾ പൂർണമായി മുറിച്ചുമാറ്റിയത്. ട്രാക്കിന്റെ അറ്റകുറ്റപ്പണികളും സിഗ്നൽ സംവിധാനമടക്കമുള്ളവയുടെ പണികളും പിന്നെയും നീണ്ടു. വെള്ളിയാഴ്ച പുലർച്ച 1.30ഓടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. അങ്കമാലി-ആലുവ ട്രാക്കിലൂടെയാണ് ഇരുദിശയിലേക്കുമുള്ള തീവണ്ടികൾ കടത്തിവിട്ടത്. അതിനാൽതന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തിയിട്ടശേഷം പല സമയങ്ങളിലായി കടത്തിവിടുകയായിരുന്നു. 11 ട്രെയിനുകൾ റദ്ദാക്കി. മറ്റുള്ളവ വൈകിയാണ് ഓടിയത്. തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിലും ഷണ്ടിങ് യാഡിലേക്കുള്ള ട്രാക്കിലുമാണ് ട്രെയിൻ പാളംതെറ്റിയതുമൂലം കൂടുതൽ നാശനഷ്ടമുണ്ടായത്. റെയിൽവേ ഡിവിഷനൽ മാനേജർ ആർ. മുകുന്ദിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.
ആലുവ: ചരക്ക് ട്രെയിൻ പാളംതെറ്റി മറിയാൻ ഇടയാക്കിയത് ട്രാക്കിന്റെ തകരാറാണെന്നാണ് കരുതുന്നത്. പാളംതെറ്റിയശേഷം ലോക്കോ പൈലറ്റ് തിരിച്ചറിയാൻ കഴിയാതെ മുന്നോട്ടുപോകാൻ ശ്രമിച്ചതാണ് കൂടുതൽ നാശനഷ്ടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
റെയിൽവേയുടെ ഇലക്ട്രിക്കൽ, എൻജിനീയറിങ്, മെക്കാനിക്കൽ വിഭാഗങ്ങൾ സംയുക്തമായാണ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്. ആലുവയിൽ സിമന്റ് ഇറക്കാൻ അങ്കമാലി-എറണാകുളം പ്രധാന ട്രാക്കിൽനിന്ന് ഷണ്ടിങ് യാഡിലേക്കുള്ള ട്രാക്കിലേക്ക് കയറിയശേഷമാണ് അപകടം.
എൻജിനും ഒന്നാമത്തെ ബോഗിയും പ്രശ്നമില്ലാതെ മുന്നോട്ടുപോയി. രണ്ട്, മൂന്ന്, നാല് ബോഗികൾ പാളംതെറ്റി. ഇതറിയാതെ ട്രെയിൻ മുന്നോട്ടെടുത്തതോടെ മൂന്ന് ബോഗികളും മറിയുകയായിരുന്നു. രണ്ടും മൂന്നും ബോഗികളാണ് പൂർണമായി മറിഞ്ഞത്. നാലാമത്തെ ബോഗി ഭാഗികമായി മറിഞ്ഞു. അതിനാൽ ഇത് മുറിച്ചുകളയേണ്ടി വന്നില്ല. ബോഗികൾ പാളംതെറ്റിയതിനെ തുടർന്ന് പോയൻറ് സംവിധാനം പൂർണമായും തകരാറിലായി. ട്രാക്കിനും തകരാർ സംഭവിച്ചു. തകർന്ന ബോഗികൾക്ക് ശേഷമുണ്ടായിരുന്ന ബോഗികൾ അങ്കമാലി-ആലുവ ട്രാക്കിലും എറണാകുളം-അങ്കമാലി ട്രാക്കുകളിലുമായി കുടുങ്ങി. ഇതോടെ ട്രെയിൻ ഗതാഗതം പൂർണമായി സ്തംഭിച്ചു. തടസ്സം നീക്കാൻ അപകടമുണ്ടായ ബോഗികൾക്ക് പിന്നിലുണ്ടായവ അങ്കമാലി ഭാഗത്തേക്ക് കൊണ്ടുപോയി. എൻജിനും ഒരു ബോഗിയും മുന്നോട്ട് നീക്കിയിടുകയും ചെയ്തു. തുടർന്നാണ് മണിക്കൂറുകളുടെ പരിശ്രമത്തിനുശേഷം മറിഞ്ഞ ബോഗികൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.