തിരുവനന്തപുരം: എ.ഐ കാമറ രംഗത്തെ പ്രവൃത്തിപരിചയത്തിന് പകരം ടെൻഡര്‍ രേഖകളിലുള്ളത് ‘ഐ.ടി രംഗത്തെ പ്രവൃത്തിപരിചയം’. മാത്രമല്ല, എ.കെ കാമറ രംഗത്തെ വൈദഗ്ധ്യം ഉറപ്പാക്കുന്ന ഒരു വ്യവസ്ഥയും ടെൻഡറിൽ ഉൾപ്പെടുത്തിയതുമില്ല. തുടക്കം മുതലുള്ള കള്ളക്കളി അടിവരയിടുന്നതിനൊപ്പം കാമറകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കൂടുതൽ ശരിവെക്കുന്ന രേഖകളാണ് കെൽട്രോൺ വെബ്സൈറ്റിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നത്. നിർമിത ബുദ്ധി, കാമറയുടെ പ്രവർത്തനക്ഷമത എന്നിവയുടെ കാര്യത്തിലും മോട്ടോർ വാഹനവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.
ടെൻഡർ ഇവാല്വേഷൻ പ്രകാരം ഒഴിവാക്കപ്പെട്ട കമ്പനിയുടെ വിറ്റുവരവിന് പൂജ്യം മാർക്കാണ് നൽകിയത്. ഒരു വിറ്റുവരവുമില്ലാതെയാണ് കമ്പനി വന്നതെന്നത് അവിശ്വസനീയമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതു കേവലമായ ഐ.ടി പ്രവർത്തനമല്ലെന്ന് പകൽപോലെ വ്യക്തമാണ്. കാമറയുടെ നിർമാതാക്കളോ അവരുടെ ഔദ്യോഗിക വിതരണക്കാരോ ആണ് അപേക്ഷിക്കേണ്ടതെന്നാണ് ടെൻഡർ വ്യവസ്ഥകളിൽനിന്ന് മനസ്സിലാവുക. എന്നാൽ, ഒരു കമ്പനിയുടെ മാനുഫാക്ചറിങ് ഓതറൈസേഷൻ ഫോറം (എം.എ.എഫ്) വാങ്ങിനൽകിയ ശേഷം മറ്റു പല കമ്പനികളുടെ ഉൽപന്നങ്ങളെത്തിക്കുകയാണ് ചെയ്തത്.
എം.എ.എഫ് തന്ന കമ്പനിയുടേതല്ലാത്ത സാധനങ്ങൾ വെക്കാൻ പാടില്ലെന്ന് കെൽട്രോണിന് പറയാമായിരുന്നിട്ടും അതു ചെയ്തില്ല. യാഥാർഥ ഉപകരണ നിർമാതാവ് ആയിരിക്കണം, അല്ലെങ്കിൽ നിർമാതാവിന്റെ അനുമതിപത്രം വേണമെന്നാണ് കരാറിലുള്ളത്. നിശ്ചിത ജോലികൾക്ക് ഉപകരാർ നൽകരുതെന്ന് കെൽട്രോൺ കരാറിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ആ ജോലികൾക്കെല്ലാം കമ്പനി പുറംകരാർ നൽകിയെന്നും ഇപ്പോൾ പുറത്തുവിട്ട കത്തിൽനിന്ന് വ്യക്തമാണ്.
10 വർഷം പ്രവൃത്തിപരിചയമുണ്ടെന്ന് കെൽട്രോൺ അവകാശപ്പെട്ട് ഉപകരാർ നൽകിയ ഒരു കമ്പനി തുടങ്ങിയത് 2017ൽ ആണ്. അവരെങ്ങനെ യോഗ്യത നേടിയെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
പദ്ധതിയുടെ സാമ്പത്തിക പ്രവർത്തന മാതൃകയിലടക്കം ധനവകുപ്പ് വിയോജിപ്പുണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണ് കെൽട്രോൺ പദ്ധതിയുമായി മുന്നോട്ടുപോയത്. മാത്രമല്ല ധനവകുപ്പിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായ ഇടപാടുകളും നടന്നെന്നതും കൗതുകകരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.