പെരിന്തൽമണ്ണ: അഗളി സ്വദേശി വാക്കേതൊടി അബ്ദുൽ ജലീലിനെ (42) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പെരിന്തൽമണ്ണ ആക്കപ്പറമ്പ് കാര്യമാട് സ്വദേശി യഹ്യയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, മേലാറ്റൂര്‍ സി.ഐ ഷാരോണ്‍ എന്നിവരുടെ നേതൃത്വത്തിൽ പൂന്താനത്തെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
തിങ്കളാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരടക്കം എട്ട് പ്രതികളെയാണ് രണ്ട് തവണയായി ഇതിനകം അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ പങ്കെടുത്ത നാല് പേരെകൂടി കിട്ടാനുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
സൗദിയില്‍ സ്വര്‍ണക്കടത്ത് നടത്തുന്ന യഹ്യയുടെ പാര്‍ട്ണര്‍മാര്‍ നാട്ടിലേക്ക് വന്ന അബ്ദുൽ ജലീലിന്‍റെ കൈവശം കൊടുത്തുവിട്ടതായി പറയുന്ന 1.200 കിലോ സ്വര്‍ണം നഷ്ടപ്പെട്ടതിനെ ചൊല്ലിയാണ് തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് ആദ്യം പെരിന്തല്‍മണ്ണ ജൂബിലി റോഡിൽ ആള്‍ത്താമസമില്ലാത്ത വീട്ടിലെത്തിച്ചും തുടർന്ന് ആക്കപ്പറമ്പിലെ ഗ്രൗണ്ടിലും റബര്‍തോട്ടത്തിലും പിന്നീട് മാനത്തുമംഗലത്തെ രഹസ്യകേന്ദ്രത്തിൽ കൊണ്ടുപോയും കെട്ടിയിട്ട് കേബിള്‍, ജാക്കി ലിവര്‍ എന്നിവയുപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
ബോധം നഷ്ടപ്പെട്ടതോടെ മേയ് 19ന് രാവിലെ ഏഴോടെ യഹ്യ അയാളുടെ കാറിൽ ജലീലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞു. ഫോണും സിം കാര്‍ഡും ഒഴിവാക്കി ഉണ്യാല്‍, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളില്‍ ആൾത്താമസമില്ലാത്ത പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടികൂടിയത്. പ്രതിയെ ജലീലിനെ മർദിച്ച പൂപ്പലത്തെ ഒഴിഞ്ഞ വീട്ടിലും പെരിന്തല്‍മണ്ണ മാനത്തുമംഗലം, ആക്കപ്പറമ്പ് എന്നിവിടങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അബ്ദുൽ ജലീൽ മേയ് 15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ ശേഷം സൗദിയിലെ ബന്ധുവിനെയും അഗളിയിലെ വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. പിന്നീട് 19ന് പുലർച്ച വരെ അഞ്ചുദിവസം സ്വർണക്കടത്ത് റാക്കറ്റിന്‍റെ തടവിലായിരുന്നു.
കൊലപാതകം വലിയ ചർച്ചയായിട്ടും പ്രതികൾക്ക് വിവിധ കേന്ദ്രങ്ങളിൽനിന്ന് സഹായം ലഭിച്ചതോടെയാണ് മുഖ്യപ്രതിയുടെ അറസ്റ്റ് വൈകിയത്. ഇതോടെ പ്രതികളെ സഹായിച്ചവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്തവരും സഹായിച്ചവരുമടക്കം ഇനിയും പ്രതികൾ അറസ്റ്റിലാവാനുണ്ടെന്നും വിശദ തെളിവെടുപ്പിനുശേഷമേ വ്യക്തത വരൂവെന്നും ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.