ന്യൂഡൽഹി: ഇൗ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിെൻറ (ജൂൺ 21) മുന്നോടിയായി ആയുഷ് മന്ത്രാലയം രാജ്യത്തെ 500 ഗ്രാമങ്ങളെ സമ്പൂർണ യോഗ ഗ്രാമങ്ങളാക്കുന്നു. ഇവിടുത്തെ ഒാരോ വീട്ടിലും ചുരുങ്ങിയത് ഒരാളെങ്കിലും സ്ഥിരമായി യോഗ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ആസൂത്രണം ചെയ്തത്. ‘കുന്നന്താനം മാതൃക’ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ‘ആയുഷ്’ ഉദ്യോഗസ്ഥൻ പറഞ്ഞു.
പുതിയ പദ്ധതി പ്രകാരം ഒാരോ യോഗ ഗ്രാമത്തിലും ഗവേഷണ യൂനിറ്റുകൾ ഉണ്ടാകും. ഇവിടെ ആരോഗ്യ സൂചികകൾ സ്ഥിരമായി വിലയിരുത്തും. ഇത്തവണ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്താനായി നാല് നഗരങ്ങളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയ്പുർ, ഹൈദരാബാദ്, അഹ്മദാബാദ്, മൈസൂരു എന്നീ നഗരങ്ങളിലൊന്നിലാണ് പരിപാടികൾ നടക്കുക. ഇൗ പട്ടിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് അയച്ചു. ഇവിടെ നിന്നാണ് ഏത് നഗരമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മാർച്ച് 21 മുതൽ 23 വരെ ഡൽഹിയിൽ അന്താരാഷ്ട്ര യോഗ ഫെസ്റ്റ് നടക്കുന്നുണ്ട്. ഇതിനുശേഷം വിവിധ സംസ്ഥാനതല പരിപാടികളും സംഘടിപ്പിക്കും. യോഗയുടെ പ്രചാരണത്തിനായി വിവിധ ഇന്ത്യൻ എംബസികളിലേക്ക് 100 അധ്യാപകരെ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.