യുവ ഡോക്ടറെ കുത്തിക്കൊന്നത് ദാരുണ സംഭവം; അക്രമം തടയൽ നിയമം കർക്കശമാക്കുമെന്ന് ആരോഗ്യ മന്ത്രി

കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടറെ കുത്തിക്കൊന്നത് ദാരുണ സംഭവമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഏറെ വേദനിപ്പിക്കുന്ന സംഭവമാണ്. പൊലീസ് എയ്ഡ്പോസ്റ്റ് അടക്കം പ്രവർത്തിക്കുന്ന ആശുപത്രിയാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോൾ ഡോക്ടറും മൂന്നു പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ പുറത്ത് കയറിയിരുന്ന് കുത്തുകയായിരുന്നു. ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം തടയാൻ നിയമം നിലവിലുണ്ട്. നിയമം കൂടുതൽ ശക്തമായി ഓർഡിനൻസ് രൂപത്തിൽ ഇറക്കുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെയാണ് പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തികൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന മേനോൻ (22) ആണ് മരിച്ചത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.

ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ദാരുണമായ സംഭവം. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റു ചെയ്തു. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്ക് കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ മണിലാൽ, ബേബി മോഹൻ, സന്ദീപിന്‍റെ ബന്ധു ബിനു എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ലഹരിക്ക് അടിമയായ പ്രതി സന്ദീപ് ഇക്കാരണത്താൽ നേരത്തെ ജോലിയിൽ നിന്ന് സസ്പെൻഷനിലായിരുന്നു. പൂയപ്പിള്ളിയിലെ അടിപിടിക്കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നത്.

Tags:    
News Summary - Young doctor stabbed to death in tragic incident; Health Minister veena george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.